പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നും ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല എന്നും ഭട്ടാചാര്യ പറഞ്ഞു.
പത്മഭൂഷൺ പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൻ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്.
ബുദ്ധദേവ് ഭട്ടാചാര്യക്കൊപ്പം ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.
പത്മഭൂഷൺ നിരസിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഗായിക സന്ധ്യ മുഖോപധ്യായയും പുരസ്കാരം നിരസിച്ചിട്ടുണ്ട്.
90-ാം വയസ്സിൽ എട്ട് പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ആലാപന ജീവിതത്തിൽ പത്മശ്രീക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഗായികയോട് കാണിക്കുന്ന അനാദരവാണെന്ന് മകൾ സൗമി സേനുഗുപ്ത പ്രതികരിച്ചു. ഒരു ജൂനിയർ ആർട്ടിസ്റ്റിനാണ് പത്മശ്രീക്ക് അർഹത, അല്ലാതെ സന്ധ്യാ മുഖോപധ്യയെ പോലുള്ള ഒരു ഗായികയ്ക്കല്ലെന്നും അവർ പറഞ്ഞു.
75 വർഷത്തോളം നീണ്ട സംഗീത ജീവിതത്തിന് ശേഷം ഭാരതരത്‌നയ്‌ക്കല്ല പത്മശ്രീയ്‌ക്ക് മാത്രമാണ് അവർക്ക് അർഹതയുള്ളതെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അവർക്ക് ഈ അവാർഡ് ആവശ്യമില്ലെന്നും മകൾ വ്യക്തമാക്കി.
കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രവർത്തന മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്.
അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് ‘പത്മവിഭൂഷൺ’ പുരസ്‌കാരവും ഉന്നതമായ സ്തുത്യർഹ സേവനത്തിന് ‘പത്മഭൂഷണും, ഏത് മേഖലയിലെയും വിശിഷ്ട സേവനത്തിന് ‘പത്മശ്രീ’യും നൽകുന്നു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.