സ്ത്രീ പീഡന പരാതിയില്‍ എംഎല്‍എ പികെ ശശിക്കെതിരെ സിപിഎം നടപടി എടുത്തത് പാര്‍ട്ടി ഭരണഘടന അനുസരിച്ച്. മാതൃകാ സ്വഭാവം കാണിക്കണമെന്നും വ്യക്തിയ്ക്ക് മുകളില്‍ പാര്‍ട്ടിയെ കാണണമെന്നുമുള്ള ഭരണഘടനാ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോഴത്തെ നടപടി. ഫോണിലൂടെ മോശമായി പെരുമാറി എന്നാണ് പാര്‍ട്ടി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ലൈംഗികപീഡനപരാതിയില്‍ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്‌ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്.
നടപടി എടുത്തെങ്കിലും പാര്‍ട്ടിയുടെ അകത്ത തന്നെയാണ് ശശി തുടരുക. എംഎല്‍എയ്ക്ക് വേണ്ട പിന്തുണയും പാര്‍ട്ടി തന്നെ നല്‍കുന്നുണ്ടെന്നാണ് വിവരം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ശശിയുടെ പരാതി പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായിട്ടുണ്ട്. പാലക്കാട്ടെ മുന്‍ എംഎല്‍എ, ഒരു സംസ്ഥാന സമിതി അംഗം, കര്‍ഷക സംഘം നേതാവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഗൂഢാലോചനക്ക് പുറകിലെന്നാണ് ആരോപണം.
വിഷയത്തില്‍ പികെ ശശിയെ പിന്തുണക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി നടപടിയൊന്നും എടുക്കില്ലെന്നും വ്യക്തമായി. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് ശശിയെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരെ നിലവില്‍ നടപടിയിലേക്ക് നീങ്ങിയാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടശേഷം മാത്രമേ തുടര്‍ നടപടിയിലേക്ക് നീങ്ങൂ.
സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് ഒരാള്‍ക്കു സിപിഎം അംഗത്വം പൂര്‍ണമായി നഷ്ടമാകുന്നില്ല. സ്വതന്ത്രരായി ജയിച്ചവരടക്കം സിപിഎം നിയമസഭാകക്ഷി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നതിനാല്‍ ‘സസ്‌പെന്‍ഷനി’ലായ ശശിയെ അക്കാര്യത്തിലും വിലക്കേണ്ടതില്ല. പാര്‍ട്ടി അംഗമെന്ന നിലയിലുള്ള അവകാശങ്ങളൊന്നും ഇക്കാലയളവില്‍ ശശിക്കില്ല. അതേസമയം, അതിന്റെ എല്ലാ ബാധ്യതകളും നിറവേറ്റാം. സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റ് കൂടിയായ ശശിയെ സഹസംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറ്റിനിര്‍ത്താനും തീരുമാനമില്ല.
ശശിയുടെ സംഭാഷണം റിക്കോര്‍ഡ് ചെയ്തു തെളിവായി പരാതിക്കാരി പാര്‍ട്ടിക്കും കമ്മിഷനും കൈമാറിയിരുന്നു. ആ സംഭാഷണത്തെക്കുറിച്ചാണു പരാതിയില്‍ മുഖ്യമായും ഉന്നയിച്ചതെന്നു നേതാക്കള്‍ പറയുന്നു. തനിക്കെതിരെ ഗൂഢാലോചനയെന്ന് ആരോപിച്ചു ശശി കമ്മിഷനു മുന്നില്‍ സാക്ഷിമൊഴികള്‍ നിരത്തിയെങ്കിലും സ്വന്തം സംഭാഷണം നിഷേധിക്കാന്‍ കഴിഞ്ഞില്ല. മറ്റെന്തെങ്കിലും അതിക്രമം ശശി യുവതിയോടു കാട്ടിയെന്നു കമ്മിഷന്‍ കണ്ടെത്തിയിട്ടില്ല.
6 മാസത്തിനു ശേഷം ശശി ജില്ലാ കമ്മിറ്റിയിലേക്കു തന്നെ തിരിച്ചുവരും. സസ്‌പെന്‍ഷന്‍ കാലാവധി പിന്നിടുമ്പോള്‍ അദ്ദേഹം പ്രാഥമികാംഗത്വത്തിലേക്കു തിരിച്ചുവരും. അപ്പോള്‍ സംസ്ഥാന കമ്മിറ്റിയോ, കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശാനുസരണം പാലക്കാട് ജില്ലാ കമ്മിറ്റിയോ അദ്ദേഹത്തിന്റെ ഘടകം ഏതെന്നു തീരുമാനിക്കും. ‘സസ്‌പെന്‍ഷന്‍’ കേന്ദ്ര നേതൃത്വത്തിനും സ്വീകാര്യമാണെന്നാണു വിവരം.