ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ആശങ്കയിലാക്കുന്ന ഒരു പ്രശ്‌നം അവരുടെ ദേശീയ പാര്‍ട്ടി പദവ് നഷ്ടപ്പെടുമോ എന്നതാണ്. സിപിഐയെയും സമാനമായ പ്രശ്‌നം അലട്ടുന്നുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത അവസാനിച്ചതോടെ പാര്‍ട്ടികള്‍ രണ്ടും കടുത്ത ആശങ്കയിലാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ മാത്രമാണ് ഇരു പാര്‍ട്ടികള്‍ക്കും ഇനി പ്രതീക്ഷയുള്ളത്.
ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്. 1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.
കഴിഞ്ഞ തവണ രണ്ടു സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ദേശീയ പാര്‍ട്ടി പദവിക്ക് അപേക്ഷ നല്‍കിയത്. സിപിഐക്കാണെങ്കില്‍ നിബന്ധന പാലിക്കാനുമായില്ല. എന്നാല്‍ ദേശീയപാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷന്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി അവസരം നല്കാന്‍ തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പ് അതിനാല്‍ രണ്ടു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകം.
കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം നില്ക്കുന്ന ഇടതു പാര്‍ട്ടികള്‍ രണ്ടിടത്തും സീറ്റ് പ്രതീക്ഷിക്കുന്നു. എന്നാല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് നീക്കു പോക്ക് തകര്‍ന്നതോടെ വിജയപ്രതീക്ഷകള്‍ തുലാസിലായി. ത്രിപുരയിലും ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. അതായത് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമായി സീറ്റ് ഒതുങ്ങാം. കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല. ഒരു കാലത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നല്കിയിരുന്ന പരിഗണന ഡിഎംകെ ഒഴികെ ഒരു പാര്‍ട്ടിയും ഇത്തവണ കാട്ടിയില്ല. 35 വര്‍ഷം ഭരിച്ച സിപിഎം ഇപ്പോള്‍ അവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്.
മഹാരാഷ്ട്രയിലെ ദിന്‍ഡോറിയില്‍ എന്‍സിപിയാണ് സിപിഎമ്മിന്റെ സീറ്റിന് തടയിട്ടത്. കനയ്യകുമാറിന് സീറ്റു നല്കിയാല്‍ വിജയിക്കില്ലെന്നായിരുന്നു ബിഹാറില്‍ ആര്‍ജെഡിയുടെ വാദം. മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടിയായി ഒതുങ്ങുമോ എന്ന ഭീഷണി നേരിടുകയാണ് ഒരു കാലത്ത് പല സംസ്ഥാനങ്ങളിലും നിര്‍ണ്ണായക സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷം. നിലവിലെ സ്ഥതിഗതികളെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എന്തു സംഭവിക്കും എന്ന് നോക്കാം. ദേശീയ പദവി നിലനിറുത്താന്‍ ഞങ്ങള്‍ പോരാടുകയാണ് – സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറയുന്നു.