ചങ്ങനാശേരി: നഗരത്തിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു പിടികൂടി. പുഴവാത് മധുരവീട് റഫീഖി (40)ന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം ആറിനാണ് നഗരത്തിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്.
റഫീഖ് അഞ്ചു മാസമായി ഈ വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചു വില്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ റെയ്ഡ് നടത്തിയത്. റഫീഖിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായിരുന്നു ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയ്ക്കു കിട്ടിയ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി, ചങ്ങനാശേരി ഡിവൈഎസ്പി എന്നിവരുടെ നിർദ്ദേശാനുസരണം ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ, എസ്ഐ ശ്രീകുമാർ, വനിത എസ്ഐ സുപ്രഭ, എഎസ്ഐ സിജു. കെ സൈമൺ, ശ്രീജിത്ത് ബി. പിള്ള, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ.്ഐ. സജീവ് ചന്ദ്രൻ, കെ.ആർ. അജയകുമാർ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ മാത്യു, വി.കെ. അനീഷ്, എസ്. അരുൺ, പി.കെ. ഷിബു, ഷമീർ സമദ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.