ലിയോണ്‍ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനലിലെത്തി.വെയില്‍സിനെ തോല്‍പ്പിച്ചാണ് പോര്‍ചുഗല്‍ ഫൈനലില്‍ എത്തിയത്. മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകള്‍ നേടിയാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (53) നാനി (55) എന്നിവരാണ് വല ചലിപ്പിച്ചത്. ഏഴു യൂറോ ചാംപ്യന്‍ഷിപ്പുകളില്‍ ആറിലും സെമിയിലെത്തിയ പോര്‍ച്ചുഗല്‍ 2004നു ശേഷം ഫൈനലില്‍ കടക്കുന്നത് ഇതാദ്യമാണ്. അന്ന് പോര്‍ച്ചുഗല്‍ കലാശപ്പോരില്‍ ഗ്രീസിനോട് തോല്‍ക്കുകയായിരുന്നു. ജര്‍മനി-ഫ്രാന്‍സ് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ബെയ്‌ലിനെക്കാള്‍ ഈ ടൂര്‍ണമെന്റില്‍ തിളങ്ങിയ ആറോണ്‍ റാംസെയെക്കൂടാതെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ വെയ്‌ല്‍സ് നിരയില്‍ ഈ ആര്‍സനല്‍ താരത്തിന്റെ കുറവ് ശരിക്കും നിഴലിച്ചു. ഫെര്‍ണാണ്ടോ സാന്റസിനു കീഴില്‍ തുടര്‍ച്ചയായ 12 മല്‍സരങ്ങള്‍ തോറ്റിട്ടില്ലെന്ന പെരുമയുമായി കളത്തിലിറങ്ങിയ പോര്‍ച്ചുഗലാകട്ടെ, ഈ നേട്ടം 13 എന്നാക്കി പുതുക്കിയാണ് ഇത്തവണ ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തത്. യൂറോയില്‍ ഇതുവരെ 90 മിനിറ്റ് കളിയില്‍ മേധാവിത്വം നേടാനോ വിജയിക്കാനോ സാധിക്കാത്ത ടീമെന്ന പേരുദോഷവും അവര്‍ സെമിയില്‍ കഴുകിക്കളഞ്ഞു.ഇരുടീമുകളും നിലയുറപ്പിക്കാന്‍ ശ്രമിച്ച ആദ്യ പകുതിയില്‍ സൃഷ്ടിക്കപ്പെട്ട ഗോളവസരങ്ങളും നന്നേ കുറവായിരുന്നു. മികച്ച രീതിയില്‍ തുടക്കമിട്ട പോര്‍ച്ചുഗല്‍ പതുക്കെ പിന്നോക്കം പോയപ്പോള്‍ ബെയ്‌ലിന്റെ നേതൃത്വത്തില്‍ വെയ്‌ല്‍സ് കളം നിറഞ്ഞു. മികച്ച അവസരങ്ങള്‍ ലഭിച്ചതും വെയ്‍ല്‍സിനുതന്നെ. എന്നാല്‍, ഇരുകൂട്ടര്‍ക്കും വല ചലിപ്പിക്കാനാകാതെ പോയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതി തുടങ്ങി അധികം കഴിയുംമുന്‍പേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ആദ്യ വെടി പൊട്ടിച്ചു. ഇടതുവിങ്ങില്‍ നിന്നും റാഫേല്‍ ഗ്വരെയ്‌റോ ഉയര്‍ത്തി നല്‍കിയ പന്തില്‍ റൊണാള്‍ഡോയുടെ ചാട്ടുളി പോലുള്ള ഹെഡര്‍. ഗോള്‍കീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് പന്ത് നിഷ്പ്രയാസം വലയില്‍. സ്കോര്‍ 1-0. ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ മൂന്നാം ഗോള്‍ .ആദ്യഗോളിന്റെ ആരവമടങ്ങുംമുന്‍പേ പോര്‍ച്ചുഗല്‍ രണ്ടാം വട്ടവും ലക്ഷ്യം കണ്ടും. ഇത്തവണ ഗോളിന് വഴിയൊരുക്കാനായിരുന്നു റൊണാള്‍ഡോയുടെ നിയോഗം. വെയ്‍ല്‍സ് ബോക്സിന് തൊട്ടു പുറത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി റൊണാള്‍ഡോയുടെ ഷോട്ട്. ഗോളിക്കുമുന്നില്‍ വെയ്‍ല്‍സ് പ്രതിരോധതാരങ്ങള്‍ക്കിടയില്‍ പതുങ്ങിനിന്ന നാനി പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി നീങ്ങിയ പന്തിനെ പൊടുന്നനെ വലതുമൂലയിലേക്ക് വഴിതിരിച്ചുവിട്ടു. പന്തിന്റെ അപ്രതീക്ഷിത ഡിഫ്ലക്ഷന്‍ വെയ്‍ല്‍സ് ഗോള്‍കീപ്പറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പന്ത് നേരെ വലയില്‍. സ്കോര്‍ 2-0.ലീഡ് കുറയ്ക്കാന്‍ വെയ്‍ല്‍സിനും ലീഡ് വര്‍ധിപ്പിക്കാന്‍ പോര്‍ച്ചുഗലിനും അവസരം ലഭിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും വരാതിരുന്നതോടെ മല്‍സരം അവസാനിക്കുമ്പോഴും സ്കോര്‍നില മാറിയില്ല. ടൂര്‍ണമെന്റില്‍ ആദ്യമായി മുഴുവന്‍ സമയത്തുതന്നെ മല്‍സരം തീര്‍ക്കാനായതിന്റെ ആവേശത്തോടെ പോര്‍ച്ചുഗല്‍ ഫൈനലില്‍.