പറങ്കിപ്പടയെ വീണ്ടും ഒറ്റയ്ക്ക് തോളിലേറ്റി കപ്പിത്താന്‍: പോര്‍ച്ചുഗല്‍ മൊറോക്കോയെ ലോകകപ്പില്‍ നിന്നു പുറത്താക്കി

മോസ്‌കോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും നാലാം മിനിറ്റില്‍ പിറന്ന ഗോളിന്റെ ബലത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ജയം. അവിചാരിതമായി വീണു കിട്ടിയ കോര്‍ണര്‍ കിക്കിനെ ക്രിസ്റ്റിയാനോ തലകൊണ്ട് ഗോള്‍ മുഖത്തേക്ക് തട്ടിയിടുകയായിരുന്നു.

ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. എന്നാല്‍ കളം നിറഞ്ഞ് കളിച്ചിട്ടും മൊറോക്കന്‍ ടീമിന് പോര്‍ച്ചുഗല്‍ വല കുലുക്കാനായില്ല. ഇതോടെ ഒരു വിജയവും സമനിലയും ഉള്‍പ്പെടെ നാലു പോയിന്റുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

പോര്‍ച്ചുഗല്‍ എന്നാല്‍ ക്രിസ്റ്റ്യാനോ മാത്രമാണെന്ന സംസാരത്തിന് ബലം നല്‍കുന്നതായിരുന്നു മൊറോക്കോയ്ക്കെതിരായ മല്‍സരം. ആദ്യ മല്‍സരത്തില്‍ നിറഞ്ഞു കളിച്ചിട്ടും ഇറാനെതിരെ തോല്‍വി വഴങ്ങേണ്ടി വന്ന മൊറോക്കോയ്ക്ക്, ഇത്തവണയും നിര്‍ഭാഗ്യമാണ് വിനയായത്. മല്‍സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയിട്ടും ഗോളിനു മുന്നില്‍ ലക്ഷ്യം പിഴച്ചതാണ് മൊറോക്കോയെ ചതിച്ചത്. ആദ്യ മല്‍സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് അവര്‍ ഇറാനോട് തോറ്റത്. പോര്‍ച്ചുഗലിനെതിരെ ലോകകപ്പില്‍ രണ്ടാം തവണ മാത്രമാണ് മൊറോക്കോ കളത്തിലിറങ്ങുന്നത്.

Top