റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി; തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറുമെന്നും ജോര്‍ജിന

അടുത്തിടെ താരത്തിനെ കുറിച്ച് പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തയല്ല. താരം ഉപദ്രവിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയുമായി യുവതി രംഗത്തുവന്നിരുന്നു. ആരോപണം നിഷേധിച്ച് റൊണാള്‍ഡോ രംഗത്ത് വന്നിരുന്നു. സംഭവം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു. പലഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാമുകി ജോര്‍ജിന റോഡ്രിഗസ്. റൊണാള്‍ഡോയുടെ മുന്നിലുള്ള തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറാനാകുമെന്നും റൊണാള്‍ഡോയെ സ്‌നേഹിക്കുന്നുവെന്നും ജോര്‍ജിന പറഞ്ഞു. കറുപ്പ് നിറത്തിലുള്ള മിനി സ്‌കര്‍ട്ട് ധരിച്ചുള്ള ചിത്രവും ജോര്‍ജിന കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അഞ്ച് ഹാര്‍ട്ട് ഇമോജിയും ഈ പോസ്റ്റിലുണ്ട്.

ഈ പോസ്റ്റിന് താഴെ റയല്‍ താരത്തിന് പിന്തുണയുമായി നിരവധി ആരാധകര്‍ കമന്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജോര്‍ജിന പിന്തുണ അറിയിച്ചത്. 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നാണ് 34 കാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. പല തവണ എതിര്‍ക്കുകയും വിലക്കുകയും ചെയ്തിട്ടും റൊണാള്‍ഡോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് മയോര്‍ഗയുടെ പരാതി.

ഉഭയസമ്മത പ്രകാരം നടന്നതാണ് ഇതെന്നാണ് റോണോയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ടതിന് ശേഷമാണ് പീഡനം നടന്നത്. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു.

Top