‘ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു, പക്ഷേ ബലാത്സംഗമല്ല’; വിശദീകരണവുമായി റൊണാള്‍ഡോ    

മിലാന്‍: അമേരിക്കന്‍ മോഡല്‍ തനിക്കെതിരെ ഉയര്‍ത്തിയ ബലാത്സംഗാരോപണത്തില്‍ കൂടുതല്‍ വിശദീകരണവുമായി യുവന്റ്‌സിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വെച്ച് മയോര്‍ഗയെ കണ്ടിരുന്നെന്ന് താരം വ്യക്തമാക്കി. പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടുകൂടിയായിരുന്നെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യാന്‍സെനാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
‘റൊണാള്‍ഡോ നിശബ്ദത ഭേദിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എല്ലാവരുടെയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ താരത്തിന്റെ നിലപാട് വ്യക്തമാക്കാം.

2009 ല്‍ ലാസ് വേഗാസില്‍ നടന്നതെല്ലാം രണ്ടുപേരുടെയും സമ്മതത്തോടെയായിരുന്നു.’ പീറ്റര്‍ പറഞ്ഞു.കേസില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ലാസ് വേഗാസ് പൊലീസ് അറിയിച്ചിരുന്നു. നേരത്തെയും ആരോപണം നിഷേധിച്ച് രംഗത്തെത്തിയ റൊണാള്‍ഡോ ലൈംഗിക പീഡനമെന്നത് താന്‍ വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസങ്ങള്‍ക്കെതിരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മയോര്‍ഗയുടേതിന് സമാനമായ കൂടുതല്‍ പരാതികള്‍ ഉണ്ടെന്ന് ആരോപിച്ച് അമേരിക്കന്‍ മോഡലിന്റെ  അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. 2009 ലെ ബലാത്സംഗാരോപണം പുറത്ത് വന്നതിനു പിന്നാലെ താരത്തിനെതിരെ മറ്റൊരു യുവതിയും സമാന ആരോപണവുമായി തന്നെ സമീപിച്ചെന്ന് മയോര്‍ഗയുടെ വക്കീല്‍ ലെസ്ളി സ്റ്റെവാളാണ് വെളിപ്പെടുത്തിയത്.

Top