സൂപ്പര്‍താരത്തിന് ആരാധകന്റെ സ്‌നേഹചുംബനം; അസ്വസ്ഥനായി റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിട്ട് കാണാനും ഒന്നിച്ചിരുന്ന് ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത ആരാധകര്‍ കുറവായിരിക്കും. ആരാധകരുടെ പ്രിയം നഷ്ടമാകാതിരിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളും പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ജനീവയില്‍ ഇന്നലെ നടന്ന മല്‍സരത്തിനിടെ ആരാധകന്‍ നല്‍കിയ ചുംബനം സൂപ്പര്‍ താരത്തെ അസ്വസ്ഥനാക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തിനിടെയാണ് സംഭവം. 61-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം കവാകോ കാന്‍സലേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോകുന്നതിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ മൈതാനത്തേക്ക് ഓടിയെത്തിയത്. ഓടിയെത്തിയ യുവാവ് താരത്തെ ചുംബിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു. എന്നാല്‍ ആരാധകന്റെ ഈ പ്രവര്‍ത്തി റൊണാള്‍ഡോയ്ക്ക് പിടിച്ചില്ല. പിന്നാലെ രണ്ടു പേര്‍കൂടി ക്രിസ്റ്റ്യാനോയെ അടുത്ത് കാണാന്‍ മൈതാനത്ത് ഓടിയെത്തി. ഇവര്‍ രണ്ട് പേരും ക്രിസ്റ്റ്യാനോയെ ഒന്ന് തൊട്ടതിന് ശേഷം മടങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ മൈതാനത്ത് നിന്ന് മാറ്റിയത്. റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ തോറ്റിരുന്നു. ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ നെതര്‍ലന്‍ഡ്‌സാണ് പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ വിജയം.

Top