കൊച്ചി: സീറോ മലബാര്‍ സഭയിലെ സാമ്പത്തിക ആരോപണത്തിന് പിന്നാലെ സി.എസ്.ഐ സഭയിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷണം തുടങ്ങി.
കമ്പനീസ് ആക്ടിന്റെ ലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ട്രസ്റ്റില്‍ കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക ക്രമക്കേടാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെന്നൈ ആസ്ഥാനമായുള്ള ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റാണ് സി.എസ്.ഐ സഭയുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുവകകളുടെ നിയന്ത്രണവും നടത്തുന്നത്. കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ട്രസ്റ്റ് കമ്പനീസ് ആക്ടിന്റെ ലംഘനവും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടത്തിയെന്നാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
ചെന്നൈ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ റിപ്പോര്‍ട്ടും ഇതിനു സമാനമാണ്. ഇതേത്തുടര്‍ന്നാണ് വന്‍കിട സാമ്ബത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസ് അന്വേഷണം നടത്തുന്നത്. ട്രസ്റ്റിന്റെ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
100 കോടിയിലേറെ വരുന്ന വസ്തു ഇടപാടുകള്‍, സഭയ്ക്കു കീഴിലെ കോളേജുകളിലെ നിയമനം, ട്രസ്റ്റിലെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ ഗുരുതര തിരിമറി നടന്നതായാണ് കണ്ടെത്തല്‍. ഇക്കാര്യം മറച്ചുവെക്കാന്‍ 2014 മുതലുള്ള ട്രസ്റ്റിന്റെ ബാലന്‍സ് ഷീറ്റും ആനുവല്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. അന്വേഷണം തടയാന്‍ സി.എസ്.ഐ ട്രസ്റ്റ് കോടതിയെ സമീപിച്ചെങ്കിലും ചെന്നൈ ഹൈക്കോടതി സ്‌റ്റേ നല്‍കിയില്ല.