അമൃത്സര്‍: മനുഷ്യത്വത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയുന്നത് അപകടത്തില്‍ പെടുന്ന സമയത്താണ്. സ്വന്തം ജീവന്‍ പോലും കളഞ്ഞ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനിറങ്ങുന്ന നന്മയുള്ള മനുഷ്യരാണ് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്നത്. ആ പുണ്യാത്മാക്കളുടെ കൂട്ടത്തിലാണ് ഇന്ന് ദല്‍ബീറിന്റെ സ്ഥാനം.
ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണനെ കത്തിക്കുന്നത് കണ്ടുനിന്നവരുടെ ഇടയിലേക്ക് ട്രയിന്‍ പാഞ്ഞുവരുന്നത് കണ്ട് അവരെ മാറ്റാനായി ഓടിയതാണ് ദല്‍ബീര്‍. എന്നാല്‍ വിധിയെ തടുക്കാന്‍ ദല്‍ബീറിനുമായില്ല. ദസറയോടനുബന്ധിച്ച് രാവണരൂപം കത്തിക്കുന്നതു കണ്ടുനില്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ദല്‍ബീറിന്റെ അന്ത്യം.
ദസറയോടനുബന്ധിച്ച് എല്ലാ വര്‍ഷവുമുള്ള ‘രാമലീല’യിലെ സ്ഥിരം അഭിനേതാവായിരുന്നു ദല്‍ബീര്‍. ഇക്കുറി രാവണന്റെ വേഷമാണ് അഭിനയിച്ചത്. പരിപാടി കഴിഞ്ഞ് വേഷമഴിക്കാതെ ‘രാവണ്‍ ദഹന്‍’ കാണാന്‍ പോകുന്നതിനിടെയാണു ട്രെയിന്‍ വരുന്നത് ദല്‍ബീര്‍ സിങ് കണ്ടത്. ട്രെയിന്‍ വരുന്നതായി വിളിച്ചുകൂവി സ്വന്തം ജീവന്‍പോലും അവഗണിച്ച് ട്രാക്കിലൂടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യമാക്കി ദല്‍ബീര്‍ സിങ് പാഞ്ഞെങ്കിലും ട്രെയിന്റെ വേഗത്തെ തോല്‍പ്പിക്കാനായില്ല.
ആളുകള്‍ക്കരികിലെത്തും മുമ്പുതന്നെ ദല്‍ബീര്‍ ട്രെയിന് അടിയില്‍പ്പെട്ടെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
രണ്ടു ദശാബ്ദത്തിലേറെയായി ജോദാ പഥക്കിലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണു രാവണ്‍ ദഹന്‍ പരിപാടി നടത്താറുള്ളതെന്നു ദല്‍ബീറിന്റെ അമ്മ സാവന്‍ കൗര്‍ പറഞ്ഞു. ട്രാക്കില്‍നിന്ന് 50 മീറ്റര്‍ മാറിയാണു സാധാരണ രാവണരൂപം കത്തിക്കാറുള്ളതെന്നും അവര്‍ പറഞ്ഞു. അമ്മയ്ക്കു പുറമേ ഭാര്യയും എട്ടുമാസം പ്രായമായ കുഞ്ഞും സഹോദരനുമാണു ദല്‍ബീറിന്റെ വീട്ടിലുള്ളത്. .