കൊച്ചി: ദലിത് വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥന് അര്‍ഹമായ പ്രൊമോഷന്‍ നിഷേധിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥ ഭീകരതയാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഉദ്യോഗതലത്തില്‍ ജാതീയഭീകരത നിലനില്‍ക്കുന്നു. ഇതിന് അവസാന ഉദാഹരണമാണ് ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരന് പ്രൊമോഷന്‍ നിഷേധിച്ച സംഭവം. തനിക്ക് ഐ.എ.എസ് ലഭിക്കാന്‍ സഹായകമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും നല്‍കിയ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.
ഭരണതലത്തിലെ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മാത്രമായി ഇതിനെ കാണാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
2015 ഡിസംബര്‍ 30നകം യു.പി.എസ്.സിക്ക് മുരളീധരന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടതാണ്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് കൈമാറിക്കഴിഞ്ഞെന്ന് ഗവ. പ്‌ളീഡര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് 2016 ഫെബ്രുവരി 22ന് കേസ് തീര്‍പ്പാക്കി. പക്ഷേ, രേഖകള്‍ പ്രകാരം ഇത് പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതുമൂലം സംഭവിച്ചതാണിതെങ്കില്‍ അതീവ ഗുരുതരമായ വിഷയമാണിതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി മാര്‍ച്ച് 15ന് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും വിശദീകരണം നല്‍കണം. ഐ.എ.എസ് കിട്ടാന്‍ നിയമ യുദ്ധം നടത്തിയ മുരളീധരന്റെ വീടും ജപ്തിയായി. സംവരണാനുകൂല്യം ഇല്ലാതെ ജനറല്‍ മെരിറ്റില്‍ സര്‍വീസില്‍ കയറിയതു മുതല്‍ നേരിടുന്ന നീചമായ വിവേചനത്തിന്റെ അവസാന ഏടാണ് ഈ ജപ്തി.
കൃത്യമായ പ്രൊമോഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകേണ്ട ഉദ്യോഗസ്ഥനാണ് മുരളീധരന്‍. വിജിലന്‍സ് കേസ് പ്രതികള്‍ക്കുവരെ ഐ.എ.എസ് നല്‍കുന്ന സര്‍ക്കാര്‍ മുരളീധരന്റെ പ്രൊമോഷന്‍ സമയത്തെല്ലാം എന്തെങ്കിലും കുരുക്കുണ്ടാക്കും. 29 വര്‍ഷത്തെ സര്‍വീസിനിടെ 105 സ്ഥലം മാറ്റങ്ങള്‍. മൂന്ന് സസ്‌പെന്‍ഷനുകള്‍. പേ റിവിഷനുള്‍പ്പെടെ തടയല്‍. എന്നിട്ടും മേലാളന്മാരായ ചില ഉദ്യോഗസ്ഥരുടെ കലിപ്പ് തീരുന്നില്ല. മുരളീധരന്‍ നേരിട്ടുകൊണ്ടിരുന്ന ഈ മേലാള പീഡനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. ജാതീയത എല്ലാ ക്രൂരതയോടും കൂടി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വീണ്ടും തെളിയുകയാണ്.
ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, സംസ്ഥാന പട്ടികജാതി കമ്മിഷന്‍, ദേശീയ പട്ടികജാതി കമ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്ന് അനുകൂല ഉത്തരവുകള്‍ ഉണ്ടായെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഇങ്ങനെ കേസു നടത്താന്‍ ഉള്ളതൊക്കെ വിറ്റു പെറുക്കിയ മുരളീധരന്റെ അവശേഷിച്ച ഏക സ്വത്തായ തൃശൂര്‍ മണ്ണുത്തിയിലെ അഞ്ച് സെന്റ് ഭൂമിയും വീടുമാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചെണ്ടകൊട്ടി ജപ്തി ചെയ്തത്. മാര്‍ച്ച് 27ന് വീടും പറമ്പും ബാങ്ക് ലേലത്തിന് വച്ചിരിക്കുകയാണ്.
2006ല്‍ കാറ് വാങ്ങാന്‍ എടുത്ത വായ്പയുടെ ബാക്കി മൂന്നര ലക്ഷം രൂപയും പലിശയും ചേര്‍ത്ത് 20 ലക്ഷം രൂപയ്ക്കുവേണ്ടിയായിരുന്നു ജപ്തി. മുരളീധരന്റെ തടഞ്ഞുവയ്ക്കപ്പെട്ട ഇന്‍ക്രിമെന്റ്, പേ റിവിഷന്‍, ശമ്പള കുടിശിക എന്നിവ തന്നെ ഒരു കോടിയിലധികം വരും. 2005 മുതല്‍ ജനറല്‍ പ്രൊവിഡന്റ് ഫണ്ട് മരവിപ്പിച്ചതിനാല്‍ പി.എഫ് വായ്പ പോലും നിഷിദ്ധമായി. കെ.എസ്.എഫ്.ഇയിലെ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറായ മുരളീധരന് സ്വന്തം വീട് ജപ്തി ചെയ്യുന്നത് നിസഹായനായി നോക്കിനില്‌ക്കേണ്ടിവന്നു.