ദളിത് വിദ്യാർഥികളെ നഗ്നരാക്കി: എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കോട്ടയം: നാടകം ഗവ.പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷക്കാരായ ദളിത് വിദ്യാർഥികളെ നഗ്നരാക്കി റാഗ് ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ പോളിടെക്‌നിക്കിലും സംഭവം നടന്ന ഹോസ്റ്റലിലും പരിശോധന നടത്തിയ പൊലീസ് സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. കോളജ് തലത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടും അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. ചങ്ങനാശേരി സിഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കോളജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനു വിധേയരായതായി പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ തൃശൂർ ഇ0രിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി.ഗോപി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതികളായ മൂന്നാം വർഷ വിദ്യാർഥികളായ അഭിലാഷ്, മനു, രണ്ടാം വർഷ വിദ്യാർഥികളായ നിധിൻ, പ്രവീൺ, ശരൺ, ജെറിൻ, ജയപ്രകാശ് എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് റാഗിങ്ങിനു വിധേയരായ രണ്ടു പേരും. ഇരുവരെയും നഗ്‌നരായി ക്രൂരമായ വ്യായാമ മുറകൾ ചെയ്യിപ്പിക്കുകയും, മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഇതേ തുടർന്നു ആരോപണ വിധേയരായി വിദ്യാർഥികൾക്കെതിരെ പട്ടികജാതി നിരോധന നിയമപ്രകാരവും, റാഗിങ് നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നലെ പോളിടെക്‌നിക് കോളജിൽ എത്തിയ പൊലീസ് സംഘം പ്രിൻസിപ്പൽ സി.ജി അനിതയിൽ നിന്നു മൊഴിയെടുത്തു. രണ്ടു സംഭവങ്ങളിലും കോളജിൽ ആദ്യം പരാതി ലഭിച്ചില്ലെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ മാത്രമാണ് റാഗിങ് സംബന്ധിച്ചു കോളജ് അധികൃതർക്കു വിവരം ലഭിച്ചത്. ഇതേ തുടർന്നു കോളജ് തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പ്രിൻസിപ്പൽ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഡിസംബർ രണ്ടിനു രാത്രി ഒൻപതര മുതൽ പുലർച്ചെ മൂന്നു മണിവരെ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലിൽ റാഗിങ് നടന്നതായാണ് വിദ്യാർഥികൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. പൂർണ നഗ്‌നരാക്കി നിർത്തി നൂറു വീതം പുഷ്അപ്പും, സിറ്റപ്പും എടുപ്പിക്കുകയും, തറയിൽകിടത്തി നീന്തിക്കുകയും, ഒറ്റക്കാലിൽ നിർത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. റാഗിങ്ങിനെ തുടർന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അവിനാഷും, ഷൈജുവും പിറ്റേന്ന് വീട്ടിലേയ്ക്കു പോയത്. അടുത്ത ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിനാഷ് ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് വൃക്കയ്ക്കു തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. തുടർന്നു ഏഴാം തീയതി വൈകുന്നേരത്തോടെ അവിനാഷിനെ അടിയന്തര ഡയാലിസിസിനു വിധേയനാക്കി. ഇതുവരെ മൂന്നു തവണയാണ് ഡയാലിസിസ് നടത്തിയത്. അമിതമായി വ്യായാമം ചെയ്തതിനൊപ്പം മദ്യം കഴിപ്പിച്ചതാണ് അവിനാഷിന്റെ വൃക്കകളെ ബാധിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top