തിരുവനന്തപുരം: പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടിക്കെതിരെ യുഎഇയിലെ ബാങ്കുകള്‍ നിയമനടപടികള്‍ തുടങ്ങിയിരിക്കെ അദ്ദേഹത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി വ്യവസായി ഡാനിയേല്‍ വര്‍ഗീസ്.1980കളുടെ തുടക്കത്തില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥാവകാശം ഷെട്ടി തന്നെ വഞ്ചിച്ച് സ്വന്തമാക്കിയതാണെന്ന് മാവേലിക്കര സ്വദേശി ഡാനിയേല്‍ ആരോപിക്കുന്നു.
യുഎഇ എക്‌സ്‌ചേഞ്ചു സ്ഥാപിച്ചത് താനാണെന്നും പിന്നീട് താന്‍ പാട്ണറായി കൂടെ കൂട്ടിയ ബിആര്‍ ഷെട്ടിയും അയാളുടെ സുഹൃത്തുമായ അറബിയും ചേര്‍ന്ന് സ്ഥാപനം തന്റെ കൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു എന്നും തുടര്‍ന്ന് തന്നെ രാജ്യത്തെ നിയമം ദുരുപയോഗം ചെയ്ത യുഎഇയിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത വിധം പുറത്താക്കുകയുമായിരുന്നുവെന്നും ഡാനിയല്‍ വര്‍ഗീസ് പറയുന്നു.നാല് പതിറ്റാണ്ടിന് ശേഷം തന്റെ സ്ഥാപനം തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നും ഡാനിയേല്‍ പറഞ്ഞു.
1987ല്‍ ഷെട്ടിമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് സാധിക്കാതെ വന്നപ്പോള്‍ താന്‍ അബുദാബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അബുദാബി പൊലീസ് അന്വേഷണം നടത്തി, വ്യാജരേഖ ചമച്ചത് കണ്ടെത്തിയതോടെ കോടതിക്ക് പുറത്ത് ഷെട്ടി ഒത്തുതീര്‍പ്പിന് തയ്യാറായി. കമ്പനിയുടെ അന്നത്തെയോ ഭാവിയിലെയോ മൂല്യവുമായി ഒത്തുപോകാത്ത നാമമാത്രമായൊരു തുകയാണ് തനിക്ക് അന്ന് അവര്‍ നല്‍കിയത്. 1995, ഒക്ടോബര്‍ 23ന് തനിക്ക് ആ പണം ലഭിച്ചു. ഇതിനിടെ ഷെട്ടി ഒരിയ്ക്കല്‍ സഹായം തേടി തന്നെ വിളിച്ചിരുന്നുവെന്നും ഡാനിയേല്‍ പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കടബാധ്യതകള്‍ തീര്‍ക്കാന്‍ ഗള്‍ഫിലേയ്ക്ക് പറന്ന യുഎഇ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകന്‍ ബി.ആര്‍ ഷെട്ടിയുടെ വളര്‍ച്ച അവിശ്വസനീയമായ വിധമായിരുന്നു.എന്നാല്‍ ഷെട്ടിയുടെ തകര്‍ച്ചയുടെ കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. അറബികളുടെ നാട്ടില്‍ പൊന്ന് വിളയിച്ചു ഗള്‍ഫിലെ വമ്പന്‍ വ്യവസായായി വളര്‍ന്ന ഷെട്ടി അടുത്തയിടെ അരലക്ഷം കോടി കടബാധ്യതയുമായി യുഎഇ വിട്ടരുന്നു.