കൊച്ചി: പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നു ജീവക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ഇത് സംബന്ധിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ ആലുവ എ.ടി.ഒയ്ക്ക് ദയാബായി പരാതി നല്‍കി.ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശ്ശൂരില്‍നിന്ന് ആലുവയിലേക്കു യാത്രചെയ്യുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. ആലുവ കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് ടിക്കറ്റ് എടുത്ത ദയാബായി സ്ഥലം നിശ്ചയമില്ലാത്തതിനാല്‍ ഒന്നില്‍ കൂടുതല്‍ തവണ സ്റ്റോപ്പ് എത്തിയോയെന്ന് തിരക്കിയതാണ് ബസ് ജീവനക്കാരുടെ പ്രകോപനത്തിന് കാരണമായത്.
ഫാ. വടക്കന്‍ മെമ്മോറിയല്‍ പുരസ്കാരം സ്വീകരിക്കാന്‍ തൃശ്ശൂരിലെത്തിയ ദയാബായി പാവറട്ടിയിലെ സ്കൂളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരുന്നു. അവിടെനിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് വൈകിട്ട് അഞ്ചോടെ ദയാബായിയെ തൃശൂര്‍ ബസ് സ്റ്റാന്റിലെത്തിച്ചത്. വടക്കാഞ്ചേരി ഡിപ്പോയില്‍നിന്നുള്ള ബസിലാണ് ഇവര്‍ കയറിയത്. ആലുവ ഗ്യാരേജില്‍ ഇറങ്ങേണ്ടിയിരുന്ന ഇവര്‍ ഇടയ്ക്കിടെ വഴി ചോദിച്ചതോടെ ഡ്രൈവര്‍ കൈ ഉയര്‍ത്തിയാണ് മറുപടി നല്‍കിയത്. കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ആലുവയില്‍ ഇറങ്ങിക്കോളണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തട്ടിക്കയറാന്‍ തുടങ്ങിയപ്പോള്‍ ആലുവയില്‍തന്നെ ഇറങ്ങാന്‍ തീരുമാനിച്ചു.
പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും പറഞ്ഞാണ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തിയതെന്ന് ദയാബായി പരാതിയില്‍ പറഞ്ഞു. തന്റെ വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോഴും കണ്ടക്ടര്‍ മോശമായി പെരുമാറിയത്രെ. ആലുവ ബൈപ്പാസില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്. ഇറങ്ങിയ ശേഷം ബസിന്റെ ഡോര്‍ ശക്തിയായി അടച്ചുകൊണ്ട് ആക്ഷേപവാക്കുകള്‍ പറഞ്ഞുവെന്നും ദയാബായി പരാതിപ്പെട്ടു.