ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ട്രോളിയ ദീപ നിഷാന്തിന് മറുപടിയുമായി കെ.എസ്.ശബരീനാഥന് എംഎല്‍എ. രമ്യയെക്കുറിച്ച് ഓര്‍ത്ത് ദീപ പരിതപ്പിക്കേണ്ടെന്നും ആ കുട്ടി വിജയിച്ചു വന്നോളുമെന്നും ശബരീനാഥന് ഫേസ്ബുക്കില്‍ കുറിച്ചു. ആലത്തൂരില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പോ, അമ്പല കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നതെന്ന ദീപയുടെ വിമര്‍ശനത്തിനാണ് ശബരീനാഥന് മറുപടി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ യോഗ്യതയും ഉള്ളയാളാണ് രമ്യ. ജനാധിപത്യ മാര്‍ഗമായ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് രമ്യ എത്തുകയും ചെയ്തു.
ഇതിന് പുറമേ കോണ്‍ഗ്രസിന്റെ ശക്തയായ പ്രവര്‍ത്തകയുമാണ്. ഇതെല്ലാം സൗകര്യപൂര്‍വം മറന്നാണ് രമ്യയെ ഇകഴ്ത്തിയുള്ള ദീപയുടെ പോസ്റ്റെന്ന് ശബരീനാഥന് വിമര്‍ശിച്ചു. അമ്മയുടെ പ്രസിഡന്റായിരുന്ന പ്രമുഖ നടന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ബലേ ഭേഷ്. എന്നാല്‍ ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു വനിത ലോക്സഭയിലേക്ക് മത്സരിച്ചാല്‍ അവരെ ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥിയോട് ഉപമിക്കുന്നു. നല്ല സ്ഥാനാര്‍ഥിയെ ജനങ്ങളാണ് വിജയിപ്പിക്കുന്നതെന്നും ശബരീനാഥന് ഫേസ്ബുക്കില്‍ കുറിച്ചു.