അടുത്ത ആരോപണത്തിന് മറുപടിയുമായി ദീപ നിശാന്ത്: രചയിതാവിന്റെ പേര് ഓര്‍ത്തോളണമെന്നില്ല, പുതിയ ബയോ കാക്കേ കാക്കേ കൂടെവിടേ…

തനിക്കെതിരെ രണ്ടാമതും ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി ദീപ നിശാന്ത് രംഗത്ത്. ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നല്‍കിയിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍ എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം. എന്നാല്‍ ഈ വരികള്‍ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നും നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടീച്ചര്‍ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ദീപ നിശാന്ത് വ്യക്തമാക്കുന്നു. ഇത്രമാത്രമല്ല പഴയ ബയോ മാറ്റി പുതിയതായി കാക്കേ കാക്കേ കൂടെവിടെ എന്ന് മാറ്റിയിട്ടുണ്ട്.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണ് ഈ വരികള്‍ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കില്‍ സജീവമായിട്ടുണ്ട്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടീച്ചര്‍ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റില്‍ ഞാനിതേപ്പറ്റി ഒരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികള്‍ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്‌സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മള്‍ പോലും ഓര്‍ത്തോളണം എന്നില്ല. അതൊരു ക്രിമിനല്‍ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോര്‍ത്ത് സത്യത്തില്‍ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ ദാരിദ്ര്യത്തെപ്പറ്റിയോര്‍ത്ത് രണ്ടു തുള്ളി കണ്ണീര്‍ പൊഴിക്കുന്നു..!

നിങ്ങള്‍ക്കാഘോഷിക്കാന്‍ ഇനിയുമിനിയും അവസരങ്ങള്‍ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു [ ടീച്ചര്‍ ‘ബയോ’ഡേറ്റയും കക്കാന്‍ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്‌കളങ്കജന്മങ്ങളേ…. ധ്വജപ്രണാമം ] സങ്കടം സഹിക്കാന്‍ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയില്‍ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

Top