താജ്മഹലിനെ ചരിത്രത്തില്‍ നിന്നും നീക്കാന്‍ ശ്രമിക്കാന്‍ മാത്രം അധ:പതിച്ച ജനപ്രതിനിധികള്‍ തന്നെയാണ് ഇന്ത്യയുടെ തീരാ കളങ്കം : ദീപാ നിശാന്ത്

കോഴിക്കോട്: താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ പ്രചരണങ്ങള്‍ക്കെതിരെ അധ്യാപകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപാ നിശാന്ത്. ഷാജഹാന്റെ താജ്മഹലിനെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച ജനപ്രതിനിധികള്‍ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കമെന്ന് അവര്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദീപയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണ്. അപരമതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണമെന്നും ദീപ പറയുന്നു.

ഒരാള്‍ നുണ പറയുന്നതു പോലെയല്ല ഒരു കൂട്ടം ആളുകള്‍ നുണ പ്രചരിക്കുന്നത്. നുണകള്‍ ആവര്‍ത്തിച്ച് ചരിത്രത്തെ അവര്‍ വളച്ചൊടിക്കും. ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങളില്‍ ഇന്നത്തെ ജറുസലേം ‘ യദുനിഷാദാലയ’ മായി മാറുന്നത് അങ്ങനെയാണെന്നും അവര്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
‘കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണുനീര്‍ത്തുള്ളി’യായി താജ്മഹലിനെ വിശേഷിപ്പിച്ചത് ടാഗോറാണ്. ആ വിശേഷണത്തിന് നാനാര്‍ത്ഥതലങ്ങള്‍ കൈവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.. മുഗള്‍വാസ്തുകലയുടെ ഉദാത്ത മാതൃകയായ ഒരു മന്ദിരത്തെ ആദ്യം സര്‍ക്കാരിന്റെ വിനോദസഞ്ചാര ലഘുലേഖയില്‍ നിന്ന് ലളിതമായി വെട്ടിമാറ്റി.. ഇപ്പോഴിതാ ഒരു ജനപ്രതിനിധി ആ വെണ്ണക്കല്‍ശില്‍പ്പമന്ദിരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ‘ഇന്ത്യയുടെ കളങ്കം’ എന്നാണ്! ‘ഹിന്ദുക്കളെ ദ്രോഹിച്ച’ ഷാജഹാന്റെ താജ്മഹലിനെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച ജനപ്രതിനിധികള്‍ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കം!
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണ്.. അപരമതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണം.. ഒരാള്‍ നുണ പറയുന്നതു പോലെയല്ല ഒരു കൂട്ടം ആളുകള്‍ നുണ പ്രചരിക്കുന്നത്.. നുണകള്‍ ആവര്‍ത്തിച്ച് ചരിത്രത്തെ അവര്‍ വളച്ചൊടിക്കും.. ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങളില്‍ ഇന്നത്തെ ജറുസലേം ‘ യദുനിഷാദാലയ’ മായി മാറുന്നത് അങ്ങനെയാണ്. യാദവരെ ആട്ടിയോടിച്ച് ക്രൈസ്തവര്‍ പിടിച്ചെടുത്ത ജറുസലേമിനെ ഹിന്ദുക്കള്‍ ഗൃഹാതുരതയോടെ നോക്കണം! നെടുവീര്‍പ്പിടണം! ലക്ഷ്യം അതുതന്നെ! പാരീസ് ‘പരമേശ്വരീയ’ മാണെന്ന് പാഠപുസ്തകങ്ങളില്‍ വായിച്ചു പഠിക്കുന്ന കുട്ടി അതൊരു ആധികാരികരേഖയായി മനസ്സില്‍ പ്രതിഷ്ഠിക്കും.ഇന്തോനേഷ്യയിലെ ‘ബാലിദ്വീപി’നേയും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനേയുമൊക്കെ വൈകാരികത ഉണര്‍ത്തുന്ന നുണപ്രചരണങ്ങളിലൂടെ തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്ന അതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ താജ്മഹലിന്റെ ചരിത്രത്തെയും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. …
സജീവന്‍ മാളൂരിന്റെ വരികള്‍ കടമെടുക്കുന്നു……
‘എന്റെ കണ്ണ് ചൂഴ്ന്ന് എടുക്കുമോ
അറിയില്ലല്ലോ !
‘പുരാനദില്ലി’ വരെയൊന്നു പോകണം
കുത്തബ് മിനാറൊന്ന് കാണണം
എപ്പോഴണവിടം
നിലംപൊത്തുന്നതെന്നറിയില്ലല്ലോ?
ചുവന്ന കോട്ടയുടെ ഓരത്തുനിന്നൊരു ‘സെല്‍ഫി’യെടുക്കണം
എപ്പോഴണതിന്‍
നിറം മാറുന്നതെന്നറിയില്ലല്ലോ?
ആഗ്രയില്‍ പോകണം
പണിയാളരെ വാഴ്ത്തണം
മുംതാസ് മഹലിനെയോര്‍ക്കണം
പ്രണയ മഴയില്‍ മുങ്ങി കുളിക്കണം
എപ്പോഴണവിടം
നിരോധിതമാകുന്നതെന്നറിയില്ലല്ലോ?
സബര്‍മതിവരെ പോകണം
ധ്യാനനിമഗ്‌നനാവണം
മഹാത്മാവിന്‍ പാദങ്ങളെ തിരയണം
ഭൂദാനക്കാരന്റെ കുടിലില്‍ പൂക്കള്‍ വിതറണം
എപ്പോഴണവിടെ
പുതിയ പ്രതിമകള്‍ വരുന്നതെന്നറിയില്ലല്ലോ ?
കന്യാകുമാരിയില്‍ പോകണം
ഉദയസ്തമനങ്ങള്‍
കണ്‍കുളിര്‍ക്കെ കാണണം
വിവേകാനന്ദപ്പാറയിലിരിക്കണം
എപ്പോഴാണ് സ്വാമികള്‍
സഹോദരീ സഹോദരന്മാരെ എന്നതിനു പകരം എന്റെ മതക്കാരെയെന്നു
പറയുന്നതെന്നറിയില്ലല്ലോ !
അതുവഴി രാമേശ്വരം വരെ പോകണം
കലാമിന്റെ കിനാവുകള്‍ക്ക് കാതോര്‍ക്കണം
എപ്പോഴണവിടം
ജാറമാകുന്നതെന്നറിയില്ലല്ലോ ?
ബോംബേ കാണണം
ഗോവയില്‍ കുളിക്കണം
ജാലിയന്‍വാലാബാഗില്‍ നമിക്കണം
കാപ്പാട് കടപ്പുറവും കാണണം
എപ്പോഴണവിടം
ചരിത്രമല്ലാതാകുതെന്നറിയില്ലല്ലോ ?
എരുമേലിയില്‍ പോകണം
ശരണം വിളിച്ച് മലകയറണം
വാവര്‍ക്കവിടെയിപ്പോഴും
ഇടമുണ്ടോയെന്ന് തെരക്കണം !
എല്ലാ കാഴ്ചയും
എല്ലാ യാത്രയും ഉടനെ വേണം
എപ്പോഴാണവര്‍
കണ്ണു ചൂഴ്‌ന്നെടുക്കുന്നതെന്നറിയില്ലല്ലോ?
കണ്ണുണ്ടായിട്ടും കാണാത്തവര്‍ക്ക്
അതും ഇതും ഒന്നും ഒരു കാഴ്ചയല്ലല്ലോ ?
ആളിക്കത്തുക നാം തീയായി പടരുക നാം
തമസ്സൊഴിഞ്ഞു പോകട്ടെ!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top