രണ്‍വീറുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ദീപിക

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ദീപികയും രണ്‍വീര്‍ സിങും ഈ വര്‍ഷം വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരെയും ഒരുമിച്ച് പൊതുവേദികളില്‍ കാണാറുണ്ടെങ്കിലും വിവാഹത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ദീപിക മനസ്സ് തുറന്നിരിക്കുകയാണ്. പത്മാവതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്കാണ് രണ്‍വീറിനെക്കുറിച്ച് നടി വാചാലയായത്. വിവാഹത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് ദീപിക മറുപടി നല്‍കിയത്. ”വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്റെ മാതാപിതാക്കളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ വിവാഹത്തിനും ഒരു സമയമുണ്ട്. നടക്കേണ്ട സമയത്ത് അത് കൃത്യമായി നടക്കും” ദീപിക പറഞ്ഞു. രണ്‍വീറിന്റെ വസ്ത്രധാരണം ചില സമയങ്ങളില്‍ മോശമാണെന്ന് ദീപിക സമ്മതിച്ചു. ഈ കാര്യങ്ങളില്‍ രണ്‍വീര്‍ തന്റെ അഭിപ്രായം ചോദിക്കാറുണ്ടെന്ന് നടി പറഞ്ഞു. സിനിമയുടെ തുടക്ക കാലത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ ഒതുക്കാന്‍ ശ്രമം നടത്തിയെന്ന് ദീപിക വെളിപ്പെടുത്തി. തന്നെ നായികയാക്കി നിശ്ചയിച്ചിരുന്ന ആ സിനിമയില്‍ നിന്ന് പെട്ടെന്നൊരു ദിവസം താന്‍ തഴയപ്പെടുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ആരെന്ന് പറയാന്‍ ദീപിക തയ്യാറായില്ല. എന്നാല്‍ ആ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലൂടെ തന്റെ രക്ഷകനായത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

Top