ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസൊഴികെ ആര് ജയിച്ചാലും കേരളത്തിലെ സഖാക്കള്‍ ജയ് വിളിക്കുന്ന കാഴ്ചയാണ് കുറേ നാളുകളായി കാണാന്‍ കഴിഞ്ഞത്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍. മോദിയും അമിത്ഷായും കളത്തിലിറങ്ങിയതോടെ കേരളത്തിലെ സഖാക്കളെല്ലാം കെജ്രിവാളിനോടൊപ്പമായി. പിണറായിക്കും അടുപ്പമുള്ള ആളാണ്് കെജ്രിവാള്‍. അങ്ങനെ കെജ്രിവാളിന്റെ വിജയം സഖാക്കള്‍ ആഘോഷിച്ചപ്പോള്‍ ദേ കെജ്രിവാളിന്റെ ഭാരത് മാതാകീ ജയ് വിളി.
അതും വിജയം ആഘോഷിക്കുന്ന വേളയില്‍. മാത്രമല്ല ഹനുമാനാണ് വിജയത്തിന് പിന്നിലെന്ന് പറഞ്ഞ് ഹനുമാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയും കഴിച്ചു. മാത്രമല്ല സംഘികളെപ്പോലെ നല്ല ഒന്നാന്തരം ചുവന്ന പാളയംകോടന്‍ കുറിയും ഇട്ടൊരു വരവും. ഇതോടെ മോദിയ്ക്കും അമിത്ഷായ്ക്കും ഹാപ്പിയായി. ഇവിടത്തെ വിശ്വാസികള്‍ക്കും സന്തോഷം. സന്തോഷം നഷ്ടമായത് സഖാക്കള്‍ക്ക് മാത്രം. കെജ്രിവാളിന് ചെറിയ കാവി ചായ്‌വ് ഇല്ലേന്ന് സംശയം.
മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ വേദിയിലാണ് അരവിന്ദ് കെജ്രിവാള്‍ സഖാക്കളെ നാണം കെടുത്തിയത്. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയത്. ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്രം വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു. ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും’ കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജന്തര്‍മന്തറിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.