എറണാകുളം: കള്ളപ്പണം വെളുപ്പിക്കാന്‍ ക്രമാതീതമായി സ്വര്‍ണ്ണം വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‌കൊച്ചിയിലെ ജ്വല്ലറികളില്‍ വ്യാപക പരിശോധന.നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയിലും തുടര്‍ന്നും ജ്വല്ലറികളില്‍ കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നെന്ന പരാതിയെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ജ്വല്ലറികളില്‍ കസ്റ്റംസ് വിഭാഗം പരിശോധന നടത്തി. രാജ്യവ്യാപകമായി ഇത്തരത്തില്‍ കച്ചവടം നടത്തിയ ജ്വല്ലറികളുടെ പട്ടിക തയ്യാറാക്കുമെന്നാണ് വിവരങ്ങള്‍. കേരളത്തില്‍ കൊച്ചിയിലെ ജ്വല്ലറികളിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
നഗരത്തിലെ 15 ജ്വല്ലറികളിലാണ് കസ്റ്റംസ് അധികൃതര്‍ റെയ്ഡ് നടത്തിയത്. നോട്ട് നിരോധിച്ച നവംബര്‍ എട്ട് രാത്രിമുതലുളള സിസിടിവി ദൃശ്യങ്ങളും വില്‍പ്പന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. നോട്ട് പിന്‍വലിച്ച ദിവസം എറണാകുളത്തെ വലിയ ജ്വല്ലറിയില്‍ രാത്രിയില്‍ വന്‍കച്ചവടം നടന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എറണാകുളത്തെ ഒരു വലിയ ജ്വല്ലറിയില്‍ അന്നേദിവസം കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നിരുന്നു. വലിയ ശൃംഖലയുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ കടയില്‍നിന്നും ഒരാള്‍ അഞ്ച് കോടിയുടെയും മറ്റൊരാള്‍ അന്ന് രാത്രി ഒരുകോടി രൂപയ്ക്കും സ്വര്‍ണം വാങ്ങിയെന്നായിരുന്നു വിവരം.