കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാതെയും ബസില്‍ കയറിയാല്‍ ടിക്കറ്റെടുക്കാതെയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പൊലീസുകാരെ ജീവിതത്തിലും സിനിമയും ഒരുപാട് കാണാം. എന്നാല്‍ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയേയും കുടുംബത്തെയും ക്രൂരമായി മര്‍ദിച്ച് കൈവിലങ്ങ് അണിയിച്ച് നഗരം ചുറ്റിക്കുന്ന പൊലീസുകാരെ ഗുജറാത്തിലായിരിക്കും കാണാന്‍ കഴിയുക. സൗരാഷ്ട്ര മേഖലയിലെ ഭാവ്‍നഗര്‍ ജില്ലയിലാണ് സംഭവം. കാലാകാലം സൗജന്യമായി ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ഹോട്ടല്‍ ഉടമയേയും കുടുംബത്തേയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. തലമുറകളായി ഹോട്ടല്‍ വ്യവസായം നടത്തുന്ന ദിലീപ്ഭായ് യുസുഫ്ഭായ് നൊഡിയയുടെ കുടുംബമാണ് ക്രൂര പീഡനമുറകള്‍ക്ക് ഇരയായത്. പലിടാനയില്‍ നൊഡിയ കുടുംബത്തിന് ആറു ഹോട്ടലുകളും ഒരു ഗാര്‍മെന്റ് കടയുമാണുള്ളത്.
ദിലീപ്ഭായിയും അഞ്ച് സഹോദരങ്ങളും കൂടിയാണ് ഹോട്ടലുകള്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നഗരത്തിലെ പൊലീസുകാര്‍ സ്ഥിരമായി ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. പക്ഷേ കഴിച്ച ഭക്ഷണത്തിന് പണം കൊടുക്കാറില്ലെന്ന് മാത്രം. തങ്ങളുടെ വീട്ടിലോ പുറത്തോ സ്വകാര്യ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ഭക്ഷണം എത്തിക്കുന്നതും നൊഡിയ കുടുംബത്തിന്റെ ഹോട്ടലുകളില്‍ നിന്നാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടു തവണ മാത്രമാണ് പൊലീസുകാരില്‍ നിന്ന് പണം കിട്ടിയിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധം വന്നതോടു കൂടി ഹോട്ടല്‍ വ്യവസായം ആകെ ഉലഞ്ഞു. നിസഹായാവസ്ഥ ആയതോടു കൂടിയാണ് കുടിശിക ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു തവണയായി 10900 രൂപ കിട്ടിയെന്ന് രാജേഷ്ഭായ് നൊഡിയ പറഞ്ഞു. എന്നാല്‍ മൂന്നു ലക്ഷം രൂപയോളമാണ് പൊലീസുകാരില്‍ നിന്നു കിട്ടാനുണ്ടായിരുന്നത്. വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ മുഴുവന്‍ പണം ആവശ്യപ്പെടാന്‍ ദിലീപ്ഭായ് തീരുമാനിച്ചു. ഇനി മുതല്‍ സൗജന്യമായി ഭക്ഷണം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതോടെയാണ് പൊലീസുകാര്‍ ഇടഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹോട്ടല്‍ മുതലാളിയെ വിളിക്കുന്നുവെന്ന അറിയിപ്പുമായി രണ്ടു പൊലീസുകാര്‍ എത്തി. ദിലീപ്ഭായി സ്ഥലത്തില്ലാതിരുന്നതിനാല്‍ കരീംഭായ് ആണ് സ്റ്റേഷനിലേക്ക് പോയത്. കരീംഭായിയെ കൊണ്ടുപോയതറിഞ്ഞ് ദിലീപ് ഭായിയും മറ്റു കുടുംബാംഗങ്ങളും പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ ഇവരെ കാത്തിരുന്നത് സ്ഥലം പൊലീസ് ഇന്‍സ്പെക്ടറുടെ വക ക്രൂര മര്‍ദനമായിരുന്നു. ദിലീപ് ഭായിയുടെ 40കാരിയായ ഭാര്യയെയും പൊലീസുകാര്‍ വെറുതെവിട്ടില്ല.
തുടര്‍ന്നായിരുന്നു കരീംഭായിയെ വിലങ്ങണിയിച്ച് നഗരത്തിലൂടെ പൊലീസുകാര്‍ നടത്തിച്ചത്. ഇതിനു പിന്നാലെ നൊഡിയ കുടുംബത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. രാജന്‍ ഭവാന്‍ഭായ് സാങ്‌വി എന്നയാളുടെ കടയില്‍ നിന്നും 2000 രൂപ മോഷ്ടിച്ചു എന്ന പരാതിയിലാണ് നൊഡിയ കുടുംബത്തിലെ ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണ് രാജന്‍ ഭവാന്‍ഭായ് സാങ്‌വി. നിലവില്‍ നൊഡിയ കുടുംബത്തിനെതിരായ കേസ് കോടതി റദ്ദ് ചെയ്തെങ്കിലും സ്വന്തം നഗരത്തിലും വീട്ടിലും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. പൊലീസുകാരോട് പണം ചോദിച്ചതിന്റെ പേരില്‍ നാടും വീടും തൊഴിലും വിടേണ്ട അവസ്ഥയിലാണ് ഈ കുടുംബം.