മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം രണ്ടരലക്ഷം ദിര്‍ഹം പിഴയടക്കാന്‍ കോടതി ഉത്തരവ്; മലയാളി യുവാവിനെ നാടുകടത്തും

ദുബായ്: മലബാര്‍ ഗോള്‍ഡിനെ അപകീര്‍ത്തിപെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയ തൃശൂര്‍ സ്വദേശിയ്ക്ക് ദുബായിയില്‍ കടുത്ത ശിക്ഷ.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ബിനീഷ് പുന്നക്കല്‍ അറുമുഖനാ(35)ണ് രണ്ടര ലക്ഷം ദിര്‍ഹം പിഴ കോടിതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച് മലാബാര്‍ ഗോള്‍ഡ് നല്‍കിയ പരാതി പിന്‍വലിച്ചെങ്കിലും കോടതി കേസ് തുടരുകയായിരുന്നു.

ബന്ധപ്പെട്ട സൈറ്റിലെ ഫൊട്ടോകള്‍ ഡിലീറ്റ് ചെയ്യാനും സൈറ്റ് ഒരു വര്‍ഷത്തേയ്ക്കു അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ദുരുപയോഗം ചെയ്‌തെന്ന പേരിലാണു കേസ്. മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജചിത്രവും തെറ്റായ വിവരങ്ങളും ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലബാര്‍ ഗോള്‍ഡ് ശാഖയില്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചെന്ന പേരില്‍ ചിത്രവും സന്ദേശവും പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് ഉപയോഗിച്ചത് യുഎഇ എക്‌സചേഞ്ചിലെ ആഘോഷത്തിന്റെ ഫോട്ടോയായിരുന്നു. ഇത്തരം തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാല്‍ കൃത്യമായ ശിക്ഷ ലഭിക്കും എന്നതിന് തെളിവാണ് ഈ കേസ്.

വിചാരണയില്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ ജോലിചെയ്യുന്ന യുഎഇ എക്‌സചേഞ്ച് സംഘടിപ്പിച്ച ആഘോഷത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ലോഗോ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്നു ജൂവലറി ഗ്രൂപ്പ് അധികൃതര്‍ മുറഖബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതി മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്നു കേസ് പിന്‍വലിച്ചിരുന്നതായി മലബാര്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തിലെ നിയമം ലംഘിച്ചെന്ന പേരില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് തുടരുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കമ്പനികളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുന്നത് വലിയ ശിക്ഷ ലഭിക്കാനിടയാക്കുന്ന കുറ്റകൃതമാണെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും നിയമത്തിന് മുന്നില്‍ ഒരു പോലെ കുറ്റവാളികളാണ്. യുഎഇ സര്‍ക്കാരും ഇവിടുത്തെ നിയമവ്യവസ്ഥയും സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുന്നു. ഇതാണ് പരാതിക്കാരന്‍ കേസില്‍ നിന്ന് പിന്‍വലിച്ചിട്ടും കുറ്റക്കാരന് ശിക്ഷ നല്‍കാന്‍ കാരണം.

Top