മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമ്പോൽ സഖ്യം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ ധാരണയായി. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്കും സ്പീക്കർ പദവി കോൺഗ്രസിനും നൽകാനാണ് ധാരണ. മൂന്നു കക്ഷികളുടെയും ആറു മണിക്കൂറിലേറേ നീണ്ട സംയുക്ത യോഗത്തിനു ശേഷം എൻസിപി നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എൻസിപിക്കും കോൺഗ്രസിനു ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു റിപ്പോർട്ട്.ആറ് മണിക്കൂർ നീണ്ട ശിവസേന- കോൺഗ്രസ്- എൻസിപി യോഗത്തിന് ശേഷം എൻസിപി നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മഹാരാ വികാസ് അഘാഡി യോഗം ചേർന്നത്.
ആഭ്യന്തരം, ധനകാര്യം, റവന്യു തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആർക്കു നൽകുമെന്നതിലും ധാരണയിലെത്താനുണ്ട്. നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് 6.40നു ദാദർ ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ. ഞായറാഴ്ചയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയാകുകയാണ് ഉദ്ധവ്. മഹാസഖ്യത്തിന്റെ സംയുക്തയോഗത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത് എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട് പിന്താങ്ങുകയും ചെയ്തു.
മഹാരാഷ്ട്ര മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കണമെന്നും ഒരാൾ എൻസിപിയിൽ നിന്നും രണ്ടാമത്തൊൾ കോൺഗ്രസിൽ നിന്നും വേണമെന്ന നിർദേശമാണ് നേരത്തെ മുന്നോട്ടുവെച്ചത്. എന്നാൽ പിന്നീട് ഈ സമവാക്യങ്ങളെല്ലാം മാറുകയായിരുന്നു. മൂന്ന് പാർട്ടികളിൽ നിന്നും രണ്ടോ മൂന്നോ എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. സ്പീക്കറെ തിരഞ്ഞെടുത്തിട്ടുള്ളത് മൂന്ന് പാർട്ടികളും ചേർന്നാണ്. കോൺഗ്രസിൽ നിന്നാണ് നിയമസഭാ സ്പീക്കറെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കി.
എത്ര മന്ത്രിമാരാണ് ഉദ്ധവ് താക്കറെയ്ക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടതെന്ന കാര്യത്തിൽ രാത്രിയോടെ തീരുമാനമാവും. എന്നാൽ ആരെല്ലാമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നത് സംബന്ധിച്ച വിവരങ്ങൾ വ്യാഴാഴ്ച രാവിലെ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 80 മണിക്കൂർ മാത്രം ആയുസ്സുണ്ടായിരുന്ന ബിജെപി സർക്കാർ താഴെ വീണതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യം സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.എത്ര മന്ത്രിമാരെ ഒരോ പാർട്ടിക്കും നൽകണമെന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമാകുമെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ട് നേരത്തെ പറഞ്ഞത്. 43 അംഗ മന്ത്രിസഭയ്ക്കാണു മഹാരാഷ്ട്രിയിൽ ധാരണയായിരിക്കുന്നത്. ശിവസേനയ്ക്കും എൻസിപിക്കും 15 വീതവും കോൺഗ്രസിനു പതിമൂന്നും എന്നാണ് നിലവിലെ സാഹചര്യം. ഏകോപനം ഉറപ്പാക്കാൻ രണ്ടു സമിതികളുമുണ്ടാകും. എന്നാൽ സമാജ്‌വാദി പാർട്ടി, സ്വാഭിമാൻ സംഗതന തുടങ്ങിയ ചെറുപാർട്ടികളെയും ഉൾപ്പെടുത്തേണ്ടിവരുമ്പോൾ സാഹചര്യം മാറുമോ എന്നതും വ്യക്തമല്ല.