വാഷിങ്‌ടൺ: ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ മുൻ പോലീസ് ഓഫീസർക്ക് ഇരുപത്തിരണ്ടര വർഷം തടവ്.ഇയാൾക്കെതിരെ കൊലപാതകമടക്കമുള്ള മുന്ന് കുറ്റങ്ങളും തെളിഞ്ഞതായി മിനിയാപൊളിസ് കോടതി കണ്ടെത്തിയിരുന്നു . കൊലപാതകം, നരഹത്യ എന്നീ നിർണായക കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 25 നായിരുന്നു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ ഡെറിക് ഷോവിൻ കാൽമുട്ട് കൊണ്ട് കുഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ശ്വാസം മുട്ടുന്നുവെന്ന് ജോർജ് ഫ്ലോയിഡ് വ്യക്തമാക്കിയെങ്കിലും ഡെറിക് ഷോവിൻ തൻ്റെ ക്രൂരത തുടരുകയായിരുന്നു. ഫ്ലോയ്ഡിനെ പൊലീസ് ഓഫിസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നു.
കഴിഞ്ഞ ഏപ്രിലിലാണു ഷോവിൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘത്തിന്റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നിൽ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്റെ പ്രധാന കുറ്റാരോപണങ്ങൾ കോടതി ശരിവച്ചു.
പൊതുനിരത്തിൽ ഒൻപതു മിനിറ്റിലേറെ കഴുത്തിൽ കാൽമുട്ട് അമർത്തി ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്. ‘എനിക്കു ശ്വാസം മുട്ടുന്നു’എന്ന് ഫ്ലോയ്ഡ് പലവട്ടം പറയുന്നതു വിഡിയോയിൽ കേൾക്കാം. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.
ജോർജ് ഫ്ലോയിഡിൻ്റെ മരണം ലോകം മുഴവൻ വാർത്തയായതോടെ അമേരിക്ക പ്രതിരോധത്തിലായി. വംശീയനരഹത്യയിൽ നടപടി വേണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമായതോടെ യുഎസ് സർക്കാർ ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് (എഫ്ബിഐ) അന്വേഷണം കൈമാറി. തുടർന്ന് ഡെറിക് ഷോവിൻ ഉൾപ്പെടെയുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സേനയിൽ നിന്നും പുറത്താക്കിയിരുന്നു.