ദേവനന്ദ എങ്ങനെ വീടിന് 400 മീറ്റര്‍ അകലെയുളള ആറിന് സമീപത്ത് എത്തി എന്നതാണ് പ്രധാന സംശയം. ദേവനന്ദയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് അമ്മയും മുത്തച്ഛനും രംഗത്ത് വന്നിട്ടുണ്ട്. ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.ദേവനന്ദയുടെ മുത്തച്ഛന്‍ മോഹന്‍പിളളയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിട്ടുളളത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയതാണ് എന്നാണ് മോഹന്‍ പിളള ആരോപിക്കുന്നത്. അല്ലാതെ കുട്ടി ഒരിക്കലും തനിച്ച് പുഴയിലേക്ക് പോകില്ല. പുഴയിലേക്കുളള വഴിയിലൂടെയല്ല ക്ഷേത്രത്തിലേക്ക് മുന്‍പ് പോയിട്ടുളളത്. മാത്രമല്ല അമ്മയുടെ ഷാള്‍ ദേവനന്ദ ധരിച്ചിരുന്നില്ലെന്നും മുത്തച്ഛന്‍ പറയുന്നു.ദേവനന്ദ ഒരിക്കല്‍ പോലും പുഴക്കരയിലേക്ക് തനിച്ച് പോയിട്ടില്ല. മാത്രമല്ല അയല്‍ക്കാരുടെ വീടുകളില്‍ പോലും തനിച്ച് പോകുന്ന പതിവില്ലെന്നും മോഹന്‍ പിളള പറയുന്നു. ദേവനന്ദയുടെ അമ്മ ധന്യയും സമാന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മകള്‍ എങ്ങും പറയാതെ പോകുന്ന കുട്ടിയല്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് എന്നും ധന്യ പറയുന്നു.
തനിച്ച് ഒരിടത്തും മകള്‍ പോകാറില്ല. കാണാതായത് നിമിഷ നേരം കൊണ്ടാണ്. താന്‍ കരഞ്ഞ് നിലവിളിച്ചപ്പോള്‍ തന്നെ നാട്ടുകാരെല്ലാം ഓടി വന്നിരുന്നു. മകളുടെ മരണത്തില്‍ സത്യം പുറത്ത് കൊണ്ടുവരണമെന്നും എല്ലാവവരും സഹായിക്കണമെന്നും ധന്യ ആവശ്യപ്പെട്ടു. കാണാതാവുന്നതിന് മുന്‍പ് മകള്‍ തന്റെ ഷാള്‍ കൊണ്ട് കളിക്കുകയായിരുന്നുവെന്നും ധന്യ പറയുന്നു.ആറ് വയസ്സുകാരി ദേവനന്ദയുടെത് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ കണ്ടെത്താനായിട്ടില്ല. എങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്താനുളള നീക്കത്തിലാണ്.