ദേവനന്ദയെ പുഴയിൽ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് നിരീക്ഷണത്തിൽ.ഉടൻ അറസ്റ്റിനു സാധ്യത

കൊല്ലം: മൃതദേഹം കണ്ട സ്ഥലത്തല്ല ദേവനന്ദ വീണത് എന്ന ഫോറൻസിക് നിഗമനം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയാണ് .ഇളവരൂരിൽ എഴുവയസുകാരി ദേവനന്ദ പുഴയിൽ മരിച്ച സംഭവത്തിൽ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ പുഴയിൽ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു.അന്വേഷണം പൊലീസ് ഊർജിതമാക്കി. ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.


സൈബർ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ രേഖകളും ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു. കേസ് നിർണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മുങ്ങി മരണമാണെന്ന കാര്യത്തിൽ തർക്കമില്ല. കുട്ടി തനിയെ പുഴയിലെത്താൻ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തിരുന്നു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴി‌‌ഞ്ഞെങ്കിലും ഫോറൻസിക് റിപ്പോർട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും മറുപടികളിൽ കാര്യമായ വ്യത്യാസം ഉണ്ടാകാഞ്ഞതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. കോടതിയിലെത്തിയാലും കേസ് നിലനിൽക്കണമെങ്കിൽ ശാസ്ത്രീയാടിത്തറ അനിവാര്യമാണ്. കുട്ടിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തത വന്നിട്ടുമില്ല.മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സംശയിക്കുന്നയാളെ രാത്രിയും പകലും പൊലീസ് നിരീക്ഷിക്കുകയാണ്. ഇവിടെ നിന്ന് കടക്കാനുള്ള അവസരമുണ്ടാകാത്ത വിധമാണ് നിരീക്ഷണം. ഇയാളുടെ ഫോണും നിരീക്ഷിക്കുന്നുണ്ട്.

വീടിന് 400 മീറ്റർ അകലെ പള്ളിമൺ ആറിനു കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ (7) മൃതദേഹം കണ്ടത്. എന്നാൽ, ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമൺ ആറിന്റെ പല ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ഫൊറൻസിക് വിദഗ്ധർ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണു പ്രാഥമിക നിഗമനം. ഫൊറൻസിക് റിപ്പോർട്ട് 2 ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

ദേവനന്ദയുടെ ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ശ്രമം തുടങ്ങി. ആദ്യം നൽകിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. ബന്ധുക്കളും അയൽക്കാരുമടക്കം അൻപതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാൽ ആറ്റിൽ വീഴാനുണ്ടായ സാഹചര്യം കൂടി കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നിൽ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Top