ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും.മുംബൈയില്‍ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി ജെ പിയുടെ നിയമസഭ കക്ഷിയോഗം. ഇരുവരേയും കേന്ദ്ര നിരീക്ഷകരായി പാർട്ടി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഏറെ ദിവസമായി മഹായുതി സഖ്യത്തിൽ തർക്കം തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ ഏക്നാഥ് ഷിൻഡെ പൊടുന്നനെ ചർച്ചകളിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ഔദ്യോഗികമായ പ്രഖ്യാപിക്കുന്ന ചടങ്ങ് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും പാർട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞെന്നുമാണ് സംസ്ഥാനത്ത് നിന്നുമുള്ള മുതിർന്ന ബി ജെ പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നാളെയാണ് സത്യപ്രതിജ്ഞ. ഡിസംബർ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ ബി ജെ പി, ശിവസേന, എന്‍ സി പി എന്നിവർ അടങ്ങുന്ന സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉടലെടുത്തതിനെ തുടർന്ന് സർക്കാർ രൂപീകരണം വൈകുകയായിരുന്നു. നിലവിലെ മുഖ്യമന്തി ഏക്നാഥ് ഷിന്‍ഡെയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ശിവസേനയെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് ബി ജെ പി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലേക്ക് കടന്നത്.
ബി ജെ പിക്ക് മുഖ്യമന്ത്രി പദം ലഭിക്കുമ്പോള്‍ ശിവസേനയില്‍ നിന്നും എന്‍ സി പിയില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരുമുണ്ടാകും. എന്‍ സി പിയില്‍ നിന്നും അജിത് പവാറായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ ശിവസേന ഇതുവരെ തീരുമാനം പുറത്തുവിട്ടിട്ടില്ല. 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 230ലും വിജയിക്കാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. ബി ജെ പി 132 സീറ്റ് സ്വന്തമാക്കിയപ്പോള്‍ ശിവസേന 57 സീറ്റും എൻ സി പി 41 സീറ്റും നേടി.