മലപ്പുറം: പഠന സൗകര്യങ്ങളില്ലാതെ ദളിത് വിദ്യാര്‍ഥിനി ദേവിക ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തീയതിക്കുള്ളിൽ സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് ദേവികയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്തവരുടെ പട്ടികയില്‍ ദേവികയെ ഉള്‍പ്പെടുത്തിയിരുന്നു. പട്ടികയില്‍ ഉള്ളവര്‍ക്കു പഠന സംവിധാനങ്ങളൊരുക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നും ദേവികയെ അറിയിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.