ലജ്ജ തോന്നുന്നു, മനുഷ്യനായിപ്പിറന്നതിൽ! മനുഷ്യന്റെ മനസാക്ഷിയില്ലായ്മ പുറംതോട് പൊളിച്ച് പുറത്തു വന്നത് ഇങ്ങനെ..

കൊച്ചി: “ലോകമേ തറവാട് തനിക്കീ ചെടികളും  പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ ” എന്ന് പാടിയ കവിയുടെ നാടാണിത്. ജന്തുക്കളും പക്ഷികളും മൃഗങ്ങളും കൃമികീടങ്ങളുമെല്ലാം ഭൂമിയുടെ അവകാശികളാണ്. അവയെ കൊല്ലാതെ സഹവര്‍ത്തിത്വത്തോടെ കഴിയണമെന്ന് ഓർമ്മിപ്പിച്ച ബഷീറും ജീവിച്ചിരുന്നത് ഈ നാട്ടിൽത്തന്നെയാണ്. അവരുടെ പേരിൽ ഊറ്റം കൊള്ളുന്ന നമ്മൾ മലയാളികൾ ! വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നമ്മൾ ചെയ്തൊരു കൊടും ക്രൂരതയെ കുറിച്ച് അറിയണ്ടേ?

സംഭവം നടക്കുന്നത് അങ്ങ് മലപ്പുറത്ത്. വിശന്നുവലഞ്ഞ് നാട്ടിലിറങ്ങിയൊരു കാട്ടാന. ശല്യം ഒഴിവാക്കാൻ മനുഷ്യബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. പൈനാപ്പിളിനുള്ളിൽ പടക്കം വച്ചങ്ങ് നൽകി. സ്ഫോടനത്തിൽ വായും നാവും തകർന്നു. ആത്മരക്ഷാർത്ഥം പുഴയിലിറങ്ങി പുഴുവരിച്ച് ചത്തു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഗദ്ഗദത്തോടെ പറഞ്ഞു, അവൾ ഒറ്റയ്ക്കായിരുന്നില്ല എന്ന്…

മോഹൻ കൃഷ്ണൻ എന്നൊരു വനംവകുപ്പ് ഉദ്യോഗസ്ഥനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്രൂരതയുടെ കഥ പുറം ലോകത്തെ അറിയിച്ചത്. ”അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം.” ആ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

”പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല ”

”ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി … മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ” തുടർന്നങ്ങോട്ട് വായിക്കാൻ ലജ്ജ തോന്നുന്നു. ഞാനുൾപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ മനുഷ്യത്വമില്ലായ്മ ഓർത്ത്…

ഒരുളുപ്പുമില്ലാതെ മറ്റന്നാൾ നമ്മൾ പരിസ്ഥിതി ദിനം ആഘോഷിക്കും. കുറ്റബോധത്തിന്റെ ഒരു കണിക പോലുമില്ലാതെ സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സഹവർത്തിത്വത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. കവികളുടെയും കഥാകൃത്തുക്കളുടെയും വരികളെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ആത്മനിർവൃതി അടയും. പരിസ്ഥിതി ദിനത്തിൽ നട്ട ചെടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഊറ്റം കൊള്ളും. ആ കാട്ടാനയ്ക്ക് വേണ്ടി ഒരു തുള്ളി മുതലക്കണ്ണീരൊഴുക്കും. എന്നിട്ട് അടുത്ത ശല്യത്തിനെ ഒഴിവാക്കാനായി തോക്കിൽ തിര നിറയ്ക്കും.

നാട്ടിലിറങ്ങി മനുഷ്യരെ ഉപദ്രവിച്ചാൽ കൊല്ലാതെ പിന്നെന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമില്ല. നമ്മൾ തന്നെ വരുത്തി വച്ച വിന! വികസനം നേടാനുള്ള ത്വരയിൽ സകലതും ചവിട്ടിമെതിച്ചത് നമ്മൾ തന്നെയാണ്. ഗതികേടുകൊണ്ട് നാട്ടിലിറങ്ങേണ്ടി വന്ന സാധുക്കൾ! എന്താണ് പരിഹാരം? മരം നടേണ്ട, മഴയത്ത് കുടപിടിച്ച് വെള്ളമൊഴിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ട… മുകളിലത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ളതാകട്ടെ ഈ ജൂൺ 5!

Top