തനിക്ക് കഴിഞ്ഞ 23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തില്‍ ആര്‍എസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ്. 1996 മുതല്‍ താന്‍ ആര്‍എസ്എസുമായി സഹകരിച്ചു പോരുകയാണ്.
ആര്.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്.എസ്.എസ്. 1996ല്‍ മൈസൂരിലെ ഒരു സ്കൂളില്‍ വച്ചാണ് ആര്.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആര്.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തുനില്‍ക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാല്‍ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.