റിലീസ് ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടാതെ മടങ്ങിയ ശേഷം വീണ്ടും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു സിനിമ കൂടി എത്തുകയാണ്. ശ്വേതാ മേനോനും റിയാസ് ഖാനും മുഖ്യവേഷത്തിലെത്തിയ ധനയാത്രയാണ് വീണ്ടും തീയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ധനയാത്ര വിവാദത്തിലായാണ് തീയറ്ററില്‍ നിന്നും മടങ്ങിയത്.
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മ്മിച്ച സിനിമ 2016 മെയ് 12 നാണ് ആദ്യം റീലീസ് ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തുമ്പോള്‍ ചിത്രം സരിതാ നായരുടെ കഥയാണോ പറയുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ഗിരീഷ് കുന്നമ്മല്‍ രംഗത്തെത്തി.
‘സരിത നായരുടെ കഥയല്ല സിനിമയില്‍ അവതരിക്കുന്നത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം മുതല്‍ അത്തരത്തിലൊരു സംസാരം ശക്തമായിട്ടുണ്ടായി. നാട്ടില്‍ നടക്കുന്ന നിരവധി പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ക്കുണ്ടാവുന്ന നിരവധി പ്രശ്‌നങ്ങള്‍ സിനിമയിലൂടെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സരിത നായര്‍ വിഷയവും സാന്ദര്‍ഭികമായി ഈ സിനിമയില്‍ പറഞ്ഞ് പോവുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സിനിമ ആദ്യം റീലീസിംഗ് ചെയ്ത സമയത്ത് ഇത് സരിത നായര്‍ വിഷയമാണെന്ന് തെറ്റിദ്ധരിച്ച് ചില രാഷ്ട്രീയ സംഘടനകള്‍ സിനിമയ്ക്ക് എതിരായി രംഗത്ത് വന്നതിനാല്‍ തിയേറ്ററുകളില്‍ നിന്നും സിനിമ പെട്ടന്ന് മാറ്റപ്പെടുകയുണ്ടായി”- ഗിരീഷ് കുന്നുമ്മല്‍ കേരള കൗമുദിയോട് പറഞ്ഞു.