തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന അഗസ്ത്യാര്‍കൂടത്തിലും ഒരു വനിതയുടെ പാദസ്പര്‍ശമേറ്റു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ആദ്യ ട്രക്കിംഗ് സംഘത്തോടൊപ്പം അഗസ്ത്യന്റെ നെറുകയില്‍ എത്തിയത്. ചെങ്കുത്തായ പാറക്കെട്ടുകളും മറ്റ് പ്രതിബന്ധങ്ങളും മറികടന്നാണ് ധന്യ മുകളിലെത്തിയത്.
ധന്യ മുകളിലെത്തിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസറുടെ വയര്‍ലെസ് സെറ്റില്‍ നിന്ന് അടുത്ത നിമിഷം ബോണക്കാട്ടെ വനംവകുപ്പ് ഓഫിസില്‍ സന്ദേശമെത്തി- സര്‍, അവര്‍ ടോപ്പിലെത്തി, ഓവര്‍. ചരിത്ര നിമിഷം പിറന്നതില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിച്ചു. ധന്യയാകട്ടെ മുട്ടുകുത്തിയിരുന്നു മണ്ണില്‍ ചുംബിച്ചു. ‘എല്ലാവര്‍ക്കും നന്ദി’ എന്നെഴുതിയ കുഞ്ഞന്‍ ബാനര്‍ ബാഗില്‍ നിന്നെടുത്ത് എല്ലാ ദിക്കിലേക്കും ഉയര്‍ത്തിവീശി. ഹൈക്കോടതി വിധിയിലൂടെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങില്‍ വനിതകള്‍ക്കു പ്രവേശനം അനുവദിച്ചശേഷം ട്രെക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി ധന്യ സനലിനു സ്വന്തം.
അതിരുമല ബേസ് ക്യാംപിലേക്കുള്ള ആദ്യ ഏഴ് കിലോമീറ്റര്‍ യാത്ര കുഴപ്പമില്ലായിരുന്നെങ്കിലും, പിന്നീടുള്ള നാലു കിലോമീറ്റര്‍ അതിസാഹസികമായിരുന്നുവെന്നു ധന്യ പറയുന്നു. കുറ്റിപ്പുല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ കാട്ടില്‍ തലയ്ക്കു മീതെ കത്തുന്ന സൂര്യന്‍. മരങ്ങള്‍ അപൂര്‍വം. മുട്ടിടിച്ചാം പാറയെന്ന സ്ഥലത്തു കുത്തനെയുള്ള കയറ്റം വലിഞ്ഞുകയറുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ മുട്ട് നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. പത്തുപേരായി തുടങ്ങിയ യാത്രയില്‍ പകുതിയെത്തിയപ്പോള്‍ ചിതറി. രണ്ടു പേര്‍ വീതമായിരുന്നു പിന്നീടുള്ള യാത്ര. പാറക്കെട്ടുകളിലെ അടയാളങ്ങളായിരുന്നു രക്ഷ.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനു തുടങ്ങിയ യാത്ര ഉച്ചയ്ക്ക് മൂന്നിന് അതിരുമല ബേസ് ക്യാംപില്‍ അവസാനിച്ചു. ക്ഷീണം കലശലായതിനാല്‍ ചെന്നപാടെ ഉറക്കം പിടിച്ചു. രാത്രി ചൂട് കഞ്ഞിയും പയറും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉറങ്ങാന്‍ പ്രത്യേക സൗകര്യം. പുറത്ത് കൊടുങ്കാറ്റും അതിഭീകര തണുപ്പും. സ്ലീപ്പിങ് ബാഗില്ലാത്തവരൊന്നും കാര്യമായി ഉറങ്ങിയിട്ടുണ്ടാകില്ല. ഇന്നലെ രാവിലെ ആറിന് എല്ലാവരും ഉണര്‍ന്നു. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഏറ്റവും ദുഷ്‌കരമായ 6.5 കിലോമീറ്റര്‍ യാത്ര ഏഴരയ്ക്കു തുടങ്ങി. കുറേപേര്‍ യാത്ര അവിടെ മതിയാക്കി.
പിന്നീടുള്ള ആറര കിലോമീറ്റര്‍ പാറക്കൂട്ടങ്ങള്‍ മാത്രമാണ്. കുരങ്ങു കയറുന്നതുപോലെ വേണം പലയിടത്തും കയറാന്‍. ബേസ്‌ക്യാംപില്‍ നിന്നു തന്നുവിട്ട ഉപ്പുമാവ് മൂന്നരക്കിലോമീറ്റര്‍ അകലെയുള്ള പൊങ്കാലപ്പാറയില്‍ ഇരുന്നു കഴിച്ചു. പിന്നീട് നാലു സ്ഥലങ്ങളില്‍ 30 മീറ്റര്‍ ഉയരമുള്ള കുന്നുകള്‍ റോപ്പില്‍ പിടിച്ചുകയറണം. ചുറ്റും തണുപ്പുണ്ടെങ്കിലും വിയര്‍ത്തൊലിക്കുകയായിരുന്നു. ഏറ്റവും ഉയരമുള്ള ഭാഗത്തേക്കു കാലെടുത്തുവച്ചപ്പോള്‍ ശബ്ദം പോലും പുറത്തുവരുന്നില്ലായിരുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണു കൈപിടിച്ചുകയറ്റിയത്. ട്രെക്കിങ് സീസണ്‍ തീരും വരെ എന്നും പകല്‍ സമയത്തൊരാള്‍ ഈ കുന്നിനു മുകളിലുണ്ടാകും. രാവിലെ ഏഴിന് അതിരുമലയില്‍ നിന്നു യാത്രയാരംഭിക്കുന്ന ഉദ്യോഗസ്ഥന്‍ ഉച്ചയ്ക്ക് രണ്ടിനു മടങ്ങുകയാണു പതിവ്. ധന്യയും സംഘവും വൈകിട്ട് മൂന്നരയോടെ അതിരുമലയില്‍ തിരിച്ചെത്തി. ഇന്ന് തിരികെ 13.5 കിലോമീറ്റര്‍ സഞ്ചരിച്ചു ബോണക്കാട് എത്തും.
വിശ്വാസികളായ ആദിവാസി സ്ത്രീകള്‍ മുമ്പും അഗസ്ത്യാര്‍കൂടത്തില്‍ കയറിയതായി ട്രക്കിംഗിന് പോകുന്ന പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പലരും ആദിവാസി സ്ത്രീകളെ മലമുകളില്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ മുകളില്‍ ആരാധന നടത്തുന്ന ഒരു സ്ത്രീയുടെ ചിത്രം ട്രക്കിംഗ് സംഘത്തിലെ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 2012ല്‍ എടുത്ത ചിത്രത്തിലെ സ്ത്രീ 18 വര്‍ഷമായി സ്ഥിരമായി അഗസ്ത്യനെ കാണാനെത്തുന്നവരാണ്.