പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ഖനി തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം…

ഭോപ്പാല്‍ : ഖനന തൊഴിലാളിയായിരുന്ന മോത്തിലാല്‍ പ്രജാപതിയുടെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത ഒരു തുണ്ട് ഭൂമിയാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. മധ്യപ്രദേശിലുള്ള രാജ്യത്തെ ഒരേ ഒരു വജ്ര ഖനിയായ പന്നയിലെ 25 ചതുരശ്ര അടി സ്ഥലമാണ് ഇദ്ദേഹം പാട്ടത്തിനെടുത്തിരുന്നത്. ഇവിടെ നിന്നും മോത്തിലാലിന് ലഭിച്ചിരിക്കുന്നത് 42.59 ക്യാരറ്റ് മൂല്യമുള്ള വജ്രമാണ്. ഇത് ഈ സ്ഥലത്ത് നിന്നും ഇത് വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും മൂല്യമേറിയ വജ്രമാണ്. ഒന്നരക്കോടിയോളം വില മതിക്കുന്ന വജ്രം നിലവില്‍ പന്ന ജില്ലാ കളക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ലേലം ചെയ്ത് ലഭിക്കുന്ന രൂപയില്‍ നികുതി കുറച്ച് ബാക്കി മോത്തിലാലിന് നല്‍കും.

എന്നാല്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ലേല നടപടികള്‍ ആരംഭിക്കുകയുള്ളു. മോത്തിലാലിന്റെ മൂന്ന് തലമുറയിലുള്ളവര്‍ ഈ പ്രദേശത്ത് ഇത്തരത്തില്‍ ഖനനം നടത്തിയിരുന്നെങ്കിലും ശരിക്കും ഭാഗ്യം കടാക്ഷിച്ചത് ഇപ്പോഴായിരുന്നു. ദൈവ സഹായത്താലാണ് ഇത്ര വലിയൊരു ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് കരുതുന്ന മോത്തിലാല്‍ വജ്രം വിറ്റ് ലഭിക്കുന്ന തുക മക്കളുടെ പഠനത്തിനും,സഹോദരന്‍മാരുടെ മക്കളുടെ വിവാഹത്തിനുമായി ചിലവഴിക്കുമെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top