ഓണത്തിന് ഇലയില്‍ എന്ത് പായസം വിളമ്പും?

payasam

ശ്രുതി പ്രകാശ്‌

ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന് പൂക്കളിടുന്നതു പോലെ തന്നെ പ്രധാനമാണ് സദ്യയൊരുക്കുന്നത്. തിരുവോണത്തിനും ഒന്നാം ഓണത്തിനുമൊക്കെ എങ്ങനെ സദ്യയൊരുക്കാം എന്നാണ് വീട്ടമ്മമാരുടെ ചിന്ത. വീട്ടമ്മമാര്‍ക്ക് ഇതൊരു ടെന്‍ഷനുമാണ്. സദ്യയില്‍ പ്രധാനി ആരാണെന്ന് ചോദിച്ചാല്‍ അത് പായസം തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല തരത്തിലുള്ള പായസം തയ്യാറാക്കാം. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള പായസം തിരഞ്ഞെടുത്ത് ഉണ്ടാക്കാം. പായസം ഇല്ലാതെ എന്തു ഓണസദ്യ അല്ലേ… വിവിധതരത്തിലുള്ള രുചിയൂറും പായസങ്ങള്‍ അറിഞ്ഞിരിക്കാം.

chakkapradhaman3

1.ചക്കപ്രഥമന്‍
ചക്കക്കാലം കഴിഞ്ഞാണ് ഓണം വരുന്നത് അതുകൊണ്ടു തന്നെ ചക്കവരട്ടിയത് അധിക വീട്ടിലും ഉണ്ടാവുകയും ചെയ്യും. അതിനാല്‍ ചക്കപ്രഥമന്‍ ആയാലോ ഇത്തവണ ഓണത്തിന്.
തയ്യാറാക്കുന്ന വിധം..
ചക്ക വരട്ടിയത്-ആവശ്യത്തിന് 200 ഗ്രാം ശര്‍ക്കര-ആവശ്യത്തിന് നാളികേരം-2 എണ്ണം നെയ്യ് തേങ്ങാക്കൊത്ത് നാളികേരം ചിരകി അതിന്റെ ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാംപാല്‍ എന്നിവ എടുത്തുവയ്ക്കുക. ചക്ക വരട്ടിയത് ഉരുളിയില്‍ ഇട്ട് അത് നാളികേരത്തിന്റെ മൂന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരുവിധം വറ്റുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. നല്ല കുഴമ്പു പരുവത്തിലാകുമ്പോള്‍ ഇത് അടുപ്പില്‍ നിന്ന് വാങ്ങി ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് നാളികേരക്കൊത്ത് നെയ്യില്‍ വറുത്തു ചേര്‍ക്കാം. ചക്ക വരട്ടിയതില്ലെങ്കിലും ചക്ക പ്രഥമനുണ്ടാക്കാം. ഇതിന് നന്നായി പഴുത്ത ചക്ക വേണം. ഇത് കുരു കളഞ്ഞ് കഷ്ണങ്ങളാക്കി അരിയണം. പിന്നീട് വേവിച്ചുടച്ച് ശര്‍ക്കര ചേര്‍ക്കണം. പിന്നീട് മുകളില്‍ പറഞ്ഞ രീതിയില്‍ നാളികേരപ്പാല്‍ ചേര്‍ത്ത് പായസം തയ്യാറാക്കാം.

2.പഴം പ്രഥമന്‍
പഴം പ്രഥമന്‍ സദ്യയുണ്ടെങ്കില്‍ അതൊരു ഗമ തന്നെയാണ്.
തയ്യാറാക്കുന്ന വിധം..
ഏത്തപ്പഴം (നേന്ത്രപഴം) തൊലിയും നാരും കളഞ്ഞ് കഷണങ്ങളാക്കി നല്ലവണ്ണം വേവിക്കുക. കുറേ കഴിയുമ്പോള്‍ പഴത്തിന് വെന്ത നിറം വരും. വെള്ളം പൂര്‍ണമായി മാറ്റി നല്ലവണ്ണം ഇളക്കി പകുതി നെയ്യും ചേര്‍ത്ത് ഒട്ടും തരിയില്ലാതെ ഇളക്കി വരട്ടുക. (പഴം വെള്ളം ചേര്‍ക്കാതെ ആവിയില്‍ നന്നായി പുഴുങ്ങിയാലും മതിയാവും. പക്ഷേ ഇതിനെ തരിയില്ലാതെ ഉടച്ച് എടുക്കുക വിഷമമായിരിയ്ക്കും. മിക്‌സിയില്‍ അടിച്ച് എടുക്കുന്നതാണ് ഇങ്ങനെ ചെയ്താല്‍ എളുപ്പം.) ശര്‍ക്കര ഉരുക്കി അരി ച്ച് ചെളിയും കളഞ്ഞ് ചേര്‍ത്ത് പിന്നെയും ഇളക്കി വെള്ളം വറ്റിക്കുക. അല്പം നെയ്യ് കൂടി ചേര്‍ത്ത് ഉരുളിയില്‍ നിന്ന് വിട്ട് വരുന്നതുവരെ വരട്ടുക. പിന്നീട് തേങ്ങാപാല്‍ 4-3-2-1 എന്ന ക്രമത്തില്‍ തിളയ്ക്കുന്നതനുസരിച്ച് ഒഴിക്കുക. ഒന്നാമത്തെ പാല്‍ ഒഴിച്ചാല്‍ തിളപ്പിക്കരുത്. കൊട്ടത്തേങ്ങ ചെറുതായിട്ട് അരിഞ്ഞ് നെയ്യില്‍ ചുവക്കെ വറുത്ത് ചേര്‍ക്കുക. അല്പം നെയ്യില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും ചുവക്കെ വറുത്ത് അതും ഏലക്കാ പൊടിയും ചുക്കുപൊടിയും ചേര്‍ക്കുക. പശുവിന്‍പാല്‍ തിളപ്പിച്ചുവറ്റിച്ച് കാല്‍ ലിറ്ററാക്കി , പാലിന്റെ ചൂടും പ്രഥമന്റെ ചൂടും നല്ലവണ്ണം ആറിയാല്‍ അതുംകൂടി ചേര്‍ത്ത് ഇളക്കുക. മധുരം കുറവ് എന്നു തോന്നിയാല്‍ പഞ്ചസാരയും ചേര്‍ക്കണം .

pineapple_payasam

3.പൈനാപ്പിള്‍ പായസം
തയ്യാറാക്കുന്ന വിധം..
പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ഇട്ടു വേവിച്ചെടുക്കുക. നല്ല മൃദുവായി ഉടഞ്ഞു ചേരുന്നതു വരെ വേവിയ്ക്കണം. ഇതില്‍ നെയ്യൊഴിച്ചു വീണ്ടും ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ചു വീണ്ടും വേവിയ്ക്കുക. രണ്ടാം പാല്‍ ചേര്‍ത്തിളക്കി തിളച്ചു കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ഇഞ്ചി, ജീരക, ഏലയ്ക്കാപ്പൊടികള്‍ ചേര്‍ത്ത് വാങ്ങി വയ്ക്കാം. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ ചേര്‍ത്തു മൂപ്പിച്ചിടുക. പൈനാപ്പിള്‍ പായസം തയ്യാര്‍

4.ഉണക്കലരി-ബദാം പായസം
തയ്യാറാക്കുന്ന വിധം..

ഉണക്കലരിയും ബദാമും കഴുകിയെടുത്ത് നല്ല പോലെ കുക്കറില്‍ വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു മാറ്റി വെയ്ക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ എടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് നല്ല പോലെ ചൂടായതിനു ശേഷം നെയ്യ് ഒഴിച്ച് വേവിച്ച ഉണക്കലരിചോറ് ഇതിലേക്കിടുക. തുടര്‍ന്ന് ശര്‍ക്കര പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പിന്നെ രണ്ടാം പാല്‍ ഒഴിച്ച് വെള്ളം വറ്റിയ്ക്കുക. തീ കുറച്ചതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കുന്നത് വരെ ഇളക്കി മാറ്റി വെയ്ക്കുക. പിന്നീട് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് അവസാനമായി ഏലക്കയും ചേര്‍ത്താല്‍ രുചികരമായ ഉണക്കലരി ബദാം പായസം റെഡി.

Top