അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി. ദിലീപിനെ അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഉടന്‍ തന്നെ വിധി പറയുമെന്നാണ് കരുതുന്നത്.
ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകള്‍ കൈമാറിയതെന്നും പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. പള്‍സര്‍ സുനി എന്ന കുറ്റവാളി നല്‍കിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു.അതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിഅതീവ രഹസ്യമായാണ് പോലീസ് റെയ്ഡ് നടത്തിയത്.
നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേയാണ് റെയ്ഡ്. അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. കോടതിയില്‍ എത്തിക്കുന്നത് മുന്‍പ് ദിലീപിന്റെ വൈദ്യപരിശോധനയും നടത്തി.ദിലീപിന്റെ ഫോണിനും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കുമായാണ് റെയ്ഡ് നടത്തുന്നത്. എന്നാല്‍ ഈ സമയം തന്നെ ദിലീപിന്റെ അഭിഭാഷകന്‍ രണ്ട് ഫോണുകളില്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. പോലീസിനെ ഏല്പിച്ചാല്‍ ഫോണുകളില്‍ കൃത്രിമത്വം നടക്കുമെന്നും കോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അഡ്വ.രാംകുമാര്‍ ചൂണ്ടിക്കാട്ടി.
ദിലീപിന്റെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെളിവ് ഉണ്ടാക്കി നല്‍കേണ്ടത് പ്രതിയുടെ ചുമതലയല്ലെന്നും അത് പോലീസിന്റെ ജോലിയാണെന്നും രാംകുമാര്‍ മറുപടി നല്‍കി.ദിലീപിനെ ഒന്നാം പ്രതി വിളിച്ചുവെന്ന് പറയുന്ന ഫോണ്‍ ആരാണ് ജയിലില്‍ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. മാധ്യമങ്ങള്‍ ഒരേസമയം പ്രോസിക്യൂഷനും ജഡ്ജിയുമാകുകയാണെന്നും അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അഡ്വ.രാംകുമാര്‍ വിമര്‍ശിച്ചിരുന്നു. 45 മിനിറ്റോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്.