ദിലീപിനെതിരേ വന്‍ തെളിവ് ശേഖരണം; കാവ്യയും നാദിര്‍ഷയും സാക്ഷികള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരേ പോലീസ് ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. ഏറ്റവും വലിയ തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടനെതിരേ പോലീസ് നടത്തുന്നത്. അടുത്തകാലത്തായി പോലീസ് സമര്‍പ്പിക്കുന്ന ശക്തമായതും കുറ്റമറ്റതുമായ കുറ്റപത്രമാകും ദിലീപിനെതിരേ കോടതിയില്‍ സമര്‍പ്പിക്കുക. ദിലീപിനെതിരേ കൂടുതല്‍ വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം. അതിന് വേണ്ടിയിള്ള എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ശേഖരണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സൂചന. ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിര്‍ഷയും നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കും. കാവ്യയെയും നാദിര്‍ഷയെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യയെ ആലുവയിലെ വീട്ടിലെത്തിയും നാദിര്‍ഷയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചുമാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും പോലീസ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ദിലീപിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് ഭാഷ്യം. ഓരോ തെളിവ് സമര്‍ഥിക്കുന്നതിനും നാലും അഞ്ചും ഉപതെളിവുകളാണ് കുറ്റപത്രത്തിലുണ്ടാകുക. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ പള്‍സര്‍ സുനി നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ ആരോപണം. നിലവില്‍ 11ാം പ്രതിയാണ് ദിലീപ്. പുതിയ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. കുറ്റം ചെയ്യുന്നതിന് തുല്യമാണ് ഗൂഢാലോചന എന്നാണ് പോലീസ് നിലപാട്. കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷ ദിലീപിനും ലഭിക്കുന്ന സാഹചര്യമാണ് ഇനിയുണ്ടാകുക. അതിന് വേണ്ടിയാണ് പ്രതിപ്പട്ടികയില്‍ ദിലീപിനെ ആദ്യം ചേര്‍ക്കുന്നത്. അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. ഇയാളെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. അപ്പുണ്ണി നല്‍കിയ മൊഴി ദിലീപിന് എതിരാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. നേരത്തെ തിടുക്കത്തില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസ് പിന്‍വാങ്ങിയിരുന്നു. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യ നീക്കം.

എന്നാല്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണമായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ആക്രമണത്തിന് ഇരയായ നടി ദിലീപിനെതിരേ നിലപാട് കടുപ്പിച്ചെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. നടിയുടെ മൊഴിയും പോലീസ് എടുത്തിരുന്നു. ഇക്കാര്യവും ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തില്‍ വിശദീകരിക്കും. ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം പോലീസ് നാലു പേരുടെ മൊഴികൂടി രേഖപ്പെടുത്തിയിരുന്നു. ടിമി ടോമി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള നാലുപേരുടെ മൊഴിയാണ് എടുത്തത്. ഇതിന് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുകയും ചെയ്തു. ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും മുമ്പ് മികച്ച ബന്ധമായിരുന്നു റിമി ടോമിക്ക്. റിമി ടോമി ഉള്‍പ്പെടെ മിക്ക സാക്ഷികളുടെയും രഹസ്യമൊഴിയാണ് പോലീസ് ശേഖരിച്ചത്. പിന്നീട് മൊഴി മാറ്റാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പോലീസ് ഇത്തരമൊരു നീക്കം നടത്തിയത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ മൊഴികള്‍ പലതും നടന് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top