നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചു. മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ കണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെ അപേക്ഷ നൽകി ദിലീപ് പകർപ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകൾ പൂർണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി പൾസർ സുനി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ ഒറിജിനൽ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അതിനിടെ, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ഹർജിയിലെ ആവശ്യം. എന്നാൽ, ദിലീപാണു കുറ്റപത്രം ചോർത്തിയതെന്ന വാദമാണു പൊലീസ് കോടതിയിൽ ഉന്നയിക്കുന്നത്. കുറ്റപത്രം ചോർന്ന സംഭവത്തിൽ കോടതി പൊലീസിനോടു വിശദീകരണം തേടി. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്തുവന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.

Top