കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍. രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രതി കോടതിയില്‍ അറിയിച്ചു. അതേസമയം, ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23), ജാമ്യത്തില്‍ കഴിയുന്ന ഏഴുമുതല്‍ 12 വരെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി പൂപ്പിള്ളില്‍ ചാര്‍ലി തോമസ് (43), നടന്‍ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനില്‍ സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍ (41), കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ വീട്ടില്‍ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്വേ പാത്തപ്ലാക്കല്‍ രാജു ജോസഫ് (44) എന്നിവരാണ് കോടതിയില്‍ ഹാജരായത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. കുറ്റമറ്റ വിചാരണയ്ക്കുള്ള പ്രതിയുടെ അവകാശം ഇരയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. പ്രതിയെന്ന നിലയില്‍ നിയമപരമായി ദൃശ്യങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും,, കേസ് നടത്തിപ്പിന് അത് അത്യാവശ്യമാനെന്നുമുള്ള വാദമാണ് ദിലീപ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ദൃശ്യങ്ങൾ പ്രതികളുടെ കൈകളിലെത്തിയാൽ ഇര ആജീവനാന്തം ഭീതിയിൽ കഴിയേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. വനിത ജഡ്ജിയുടെ സേവനം, പ്രത്യേക കോടതി, രഹസ്യവിചാരണ, വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നടി ആവശ്യപ്പെട്ടത്.
ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന്; രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രതി മാര്‍ട്ടിന്‍; നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി
Tags: dileep case