അഭിഭാഷകൻ രാമൻപിള്ളയ്ക്ക് കുരുക്ക്?? ദിലീപിന് വീണ്ടും തിരിച്ചടി?

ദിലപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് നിയമോപദേശം ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നൽകിയത്. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ തുടക്കം മുതൽ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആക്ഷേപം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയ്ക്കെതിരെ അതിജീവിത ബാർ‌ കൗൺസിലിന് പരാതി നൽകിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിൽ അഭിഭാഷകരുടെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളിൽ നിന്ന് അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദ രേഖകൾ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്. മാത്രമല്ല മുംബൈയിൽ സ്വകാര്യ ലാബിൽ വിവരങ്ങൾ നീക്കം ചെയ്യാനായി കൊണ്ടുപോയ ദിലീപിന്റെ ഫോണുകൾ കൈപറ്റാൻ അഭിഭാഷകരാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റയൊക്കെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരെ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു അധിക കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ പിന്നീട് അഭിഭാഷകർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകരായ അഡ്വ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, അഡ്വ നാസർ എന്നിവർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ട് നിന്നതിനുള്ള വകുപ്പുകളായിരിക്കും അഭിഭാഷകർക്കെതിരെ ചുമത്തുക. രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണ് താൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.

ഫോണിലെ വിവരങ്ങൾ മായ്ക്കാൻ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങൾ രാമൻപിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കർ പോലീസിൽ പരാതി നൽകിയത്.

ഈ ഉപകരണം ലഭിച്ചാൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ നീക്കം ചെയ്തോയെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസിൽ നിലനിൽ മാപ്പ് സാക്ഷിയാണ് സായ് ശങ്കർ.

Top