നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നാദിര്‍ഷയുടെ കൈവശം?

നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായി ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ബന്ധമുണ്ടെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതെന്ന് മലയാളത്തിലെ പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് അറസ്റ്റിലായ ശേഷം മുതല്‍ നാദിര്‍ഷ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംശയം തോന്നുന്നവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുമ്പോള്‍, അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന പൊലീസ് ബുദ്ധിയാണ് അന്വേഷണം നാദിര്‍ഷയ്‌ലേക്ക് എത്തിച്ചത്. ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ മുങ്ങിയത് പുനലൂരിലെ ഒരു എസ്റ്റേറ്റിലേക്കായിരുന്നു. ഇവിടെ ഒരു മാസത്തോളം ഒളിവില്‍ താമസിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങി ഫോണ്‍ അടക്കമുള്ളവ നശിപ്പിക്കാന്‍ വേണ്ടിയാണ് നാദിര്‍ഷ ഇവിടെയെത്തിയതെന്നാണ് സൂചന.

ഈ ചോദ്യംചെയ്യലിന് ശേഷം നാദിര്‍ഷ പൊതുരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതില്‍ സംശയം തോന്നിയതോടെയാണ് അന്വേഷണം ഈ വഴിക്ക് നടത്തിയത്. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് ഈ എസ്റ്റേറ്റെന്നും സൂചനയുണ്ട്. ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും അന്വേഷണസംഘം ചോദ്യം ചെയ്തത്. അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ ദിലീപിന് കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. എന്നാല്‍ ഇവരുടെ മൊഴിയെ സംശയത്തോടെയാണ് പൊലീസ് നോക്കികാണുന്നത്. ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമുള്ള നാദിര്‍ഷയുടെ നീക്കങ്ങള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നാദിര്‍ഷയുടെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രയില്‍ ചികിത്സ തേടിയത്. തുടര്‍ച്ചയായി ആശുപത്രിയില്‍ കിടക്കേണ്ടതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നാദിര്‍ഷയ്ക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിന് മുമ്പില്‍ ഹാജരായില്ലെങ്കില്‍ തിങ്കളാഴ്ചക്ക് ശേഷം ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കയറി പൊലീസ് നാദിര്‍ഷായെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top