അങ്കമാലി കോടതിയും കൈവിട്ടു; ദിലീപ് കേസില്‍ സംഭവിക്കുന്നത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യമില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താരത്തിന്‍റെ ജാമ്യഹര്‍ജി തള്ളി. കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ മൂന്നു തവണ താരം ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. രണ്ടു വട്ടം ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചതെങ്കില്‍ ഒരു തവണ അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ജയിലായിട്ട് 60 ദിവസം പിന്നിട്ടതിനാല്‍ ജാമ്യത്തിന് തനിക്കു അര്‍ഹതയുണ്ടെന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗൂഡാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരേയുള്ളതെന്നും താരം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം തനിക്കെതിരേ ഒന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ ദൃശ്യങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നതു മാത്രമാണ് തനിക്കെതിരേ ചുമതത്തിയിട്ടുള്ള കുറ്റമെന്നും ദിലീപ് അങ്കമാലി കോടതിയെ ധരിപ്പിച്ചിരുന്നു. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ പീഡിപ്പിച്ച് താനല്ല. മറ്റു പ്രതികളാണ്. തനിക്കെതിരേ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ഇതു നാലാം തവണയാണ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. നേരത്തേ കേസില്‍ അറസ്റ്റിലായപ്പോള്‍ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്ന് ബി രാംകുമാറായിരുന്നു താരത്തിന്റെ അഭിഭാഷകന്‍. ഇതു തള്ളിയതോടെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ ഈ ജാമ്യേപേക്ഷയും തള്ളി. തുടര്‍ന്ന് രാംകുമാറിനു പകരം ബി രാമന്‍ പിള്ളയെ അഭിഭാഭഷകനാക്കി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലത്തില്‍ മാറ്റമുണ്ടായില്ല. ദിലീപിന്റെ ജാമ്യഹര്‍ജിയെ ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ ഹര്‍ജിയില്‍ പറഞ്ഞതുപോലെ നടിയുടെ ദൃശ്യങ്ങളെടുക്കാന്‍ മാത്രമല്ല ദിലീപ് സുനിക്കു നിര്‍ദേശം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എങ്ങനെയെല്ലാം നടിയെ ആക്രമിക്കണമെന്ന് സുനിക്കു നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

Top