കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ ‘അമ്മ’ താരനിശക്കിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് . സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രം പറയുന്നു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 650 അധികം പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു. ആകെ 400 രേഖകളാണ് കുറ്റപത്രത്തിലുള്ളത്. 355 സാക്ഷികളുമുണ്ട്. സിനിമാ മേഖലയില്‍ നിന്ന് അമ്പതിലധികം ആളുകളെ സാക്ഷികളാക്കിയിട്ടുണ്ട്. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ കേസിന്‍റെ വിചാരണാ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക.

Top