കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആക്രമണത്തിനിരയായ നടിയുടെ ആവശ്യങ്ങള്‍ കോടതി തള്ളി. നടി ഉന്നയിച്ച രണ്ട് ആവശ്യങ്ങളാണ് അംഗീകരിക്കാന്‍ പറ്റില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. അതേസമയം, ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് ആക്രമണ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി അടുത്താഴ്ചയുണ്ടാകും.
ഫലത്തില്‍ ആക്രമണത്തിനിരയായ നടിക്ക് തിരിച്ചടിയാണിപ്പോള്‍ കോടതിയിലുണ്ടായത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്നായിരുന്നു നടിയുടെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ആവശ്യങ്ങളാണ് ആക്രമണത്തിനിരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിക്കണം, കേസില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. എട്ടാം പ്രതിയായ ദിലീപ് നടിയെ ആക്രമിക്കാന്‍ ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ സംശയമുണ്ടെന്നും നേരില്‍ കാണണമെന്നും സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നായിരുന്നു നേരത്തെ പ്രതികളുടെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. പകരം സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
പകര്‍പ്പ് കൈമാറിയാല്‍ പ്രതികള്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക നേരത്തെ പ്രോസിക്യൂഷന്‍ പങ്കുവച്ചിരുന്നു. കേസിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും കോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി 27ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകര്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അഭിഭാഷകരെന്ന നിലയിലുള്ള സഹായങ്ങള്‍ മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വാദം. ഇവരുടെ ഹര്‍ജിയിലും വിധി 27നുണ്ടാകും.