നാദിര്‍ഷയെ തേടി പോലീസ് ആശുപത്രിയിലേക്ക്

പ്രമുഖ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷക്ക് കുരുക്ക് മുറുകുന്നു. പോലീസ് ചില കടുത്ത നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ആശുപത്രിയില്‍ ചികില്‍സ തേടിയ നാദിര്‍ഷയുടെ നീക്കം സംശയത്തോടെയാണ് പോലീസ് കാണുന്നത്. ഈ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. ആശുപത്രിയില്‍ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം അതിനോട് വിയോജിച്ചു. ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് അവരുടെ നിലപാട്. ഞായറാഴ്ച വരെ നാദിര്‍ഷയുടെ കാര്യത്തില്‍ പോലീസ് കാത്തുനില്‍ക്കും. എന്നിട്ടും നാദിര്‍ഷ ആശുപത്രി വിടുന്നില്ലെങ്കില്‍ പോലീസ് ആശുപത്രിയിലെത്തും. പിന്നീട് അവിടെ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ചികില്‍സയുടെ കാരണം പറഞ്ഞ് ഏറെ കാലം ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പറ്റില്ലെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നത് വൈകിയാല്‍ കേസില്‍ പോലീസിന് തിരിച്ചടി കിട്ടുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്. ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം പോലീസ് തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതില്‍ ചില പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതില്‍ പോലീസിന് സംശയമുണ്ട്. തുടര്‍ന്ന് അല്‍പ്പം കാത്തിരിക്കാമെന്നാണ് പോലീസ് കരുതിയിരുന്നത്.

ആവശ്യമെങ്കില്‍ നാദിര്‍ഷയെ കസ്റ്റഡിയിലെടുക്കാനും വേണ്ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താനും അന്വേണഷ സംഘം തീരുമാനിച്ചതായി വാര്‍ത്ത പുറത്തുവരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് വേണ്ടെന്ന് ഐജി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അടുത്ത 13നാണ് ഹൈക്കോടതി വീണ്ടും നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അറസ്റ്റ് തടയണമെന്ന് ഉത്തരവിടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top