പ്രണവിനൊപ്പം രാമലീലയുടെ ഒന്നാംവാര്‍ഷികം ആഘോഷിക്കാന്‍ ദിലീപ് വാഗമണിലെത്തി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി തന്നെ ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണിലാണ് പുരോഗമിക്കുന്നത്. ലൊക്കേഷനില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സിനിമ റിലീസ് ആയ സ്പെറ്റംബര്‍ 28 എന്ന ദിവസം കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാവില്ല എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
‘സെപ്തംബര്‍ 28 കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം.. കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം… പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നല്കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു.. നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്കരിക്കാന്‍ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്കിയ ഈ വിജയത്തിന് ‘
ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിര്‍മ്മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനു വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.