നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. നടന്‍ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. വളരെ കരുതിക്കൂട്ടി കുറ്റം ചെയ്തതിന് ദിലീപ് കാരണമായെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടി രൂപയ്ക്കാണെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ദിലീപ് അഡ്വാന്‍സായി സുനിക്ക് നല്‍കിയത്. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് ദിലീപ് പണം കൈമാറിയത്. അടുത്തടുത്തുള്ള ദിവസങ്ങളിലാണ് പണം കൈമാറിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതാണ് കുറ്റപത്രം. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ് വ്യക്തമാക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ക്വട്ടേഷന്‍ ഗൂഢാലോചന നടത്തിയത് മൂന്നു സ്ഥലത്ത് വച്ചാണ്. തോപ്പുംപടി, തൃശൂര്‍, തൊടുപുഴ എന്നിവടിങ്ങളില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. കൂട്ടബലാത്സംഗം നടത്തി അശ്ലീലദൃശ്യങ്ങള്‍ ചിത്രീകരിക്കാനായിരുന്നു ദിലീപിന്റെ നിര്‍ദ്ദേശമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇങ്ങനെ ആക്രമിക്കാന്‍ വേണ്ടി ടെമ്പോ വാനില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വര നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും കാബിനിലേക്ക് വരാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്.
നടിയെ എങ്ങനെ ആക്രമിക്കണമെന്ന നിര്‍ദ്ദേശവും ദിലീപ് നല്‍കിയിരുന്നു. വിവാഹ മോതിരവും മുഖവും വീഡിയോയില്‍ വരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. കൃത്യത്തിന് ശേഷം പള്‍സര്‍ സുനിയും സംഘവും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലും എത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോക്കാണ് കൈമാറിയത്.
മലയാള സിനിമയില്‍ നിന്നും നടിയെ മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിക്കുകയും ചെയ്‌തെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ. മഞ്ജു 11ാം സാക്ഷിയാണെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ കേസിലെ 34ാം സാക്ഷിയാക്കിയപ്പോള്‍ നടന്‍ സിദ്ദിഖിനെയും സാക്ഷപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കാവ്യ മാധവന്റെ സഹോദര ഭാര്യയും സാക്ഷിപ്പട്ടികയിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.