എട്ടാം പ്രതിയെ ഉന്നംവച്ച് ഇന്ന് കുറ്റപത്രം; ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്

തുരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം നല്‍കും. നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രത്തിലെ നിര്‍ണ്ണായക സാന്നിധ്യമാകേണ്ടിയിരുന്ന മഞ്ജുവാര്യര്‍ ഒഴിവായ സ്ഥിതിക്ക് പൊലീസിന് നന്നായി പണിപ്പെടേണ്ടിവരും. ഇന്നലെ മാപ്പ് സാക്ഷിയാകാമെന്ന് ഏറ്റിരുന്ന ഒരാള്‍ കൂടി കൂറ് മാറിയതും പൊലീസിന് തലവേദനയാകും.

11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്. ദിലീപ് എട്ടാം പ്രതിയാണ്. 300ല്‍പ്പരം സാക്ഷി മൊഴികളും 450 ലേറെ നിര്‍ണ്ണായക രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാകും.ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകും. പള്‍സര്‍ സുനിയുള്‍പ്പടെ ഏഴു പേര്‍ പ്രതികളായ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം പഴുതടച്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നാണ് പൊലീസ് പറയുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ദിലീപിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കും.

കേസില്‍ ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായകമായ തെളിവായിരുന്നു പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന ജീവനക്കാരന്റെ മൊഴി.എന്നാല്‍ ലക്ഷ്യയിലെ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റി. അതോടൊപ്പം കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി എടുക്കാനുളള നീക്കവും നടന്നില്ല. പള്‍സര്‍ സുനി ചാര്‍ളിയുടെ കോയമ്പത്തൂരിലെ വീട്ടിലായിരുന്നു ഒളിവില്‍ താമസിച്ചിരുന്നത്. ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന ദിലീപിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കും.നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തില്‍ ദീലിപിന്റെ വിദേശയാത്ര നിര്‍ണായ തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടും.

ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 85 ദിവസം ദിലീപിന് ജയിലില്‍ കഴിയേണ്ടി വന്നത്. എന്നാല്‍, ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Top