അടിപതറി !…ദിലീപ് വര്‍ഷങ്ങളോളം അഴിക്കുള്ളിലോ..?കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും; ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങള്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഇനിയുള്ള നിയമ പോരാട്ടത്തില്‍ അടിപതറിയാല്‍ ദിലീപ് വര്‍ഷങ്ങളോളം അഴിക്കുള്ളില്‍ കഴിയേണ്ടിവരും. ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തും.ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങളാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാലാണിത്.

ഒരു മാസത്തിനുള്ളില്‍ പഴുതുകളടച്ചുള്ള കുറ്റപത്രം നല്‍കാന്‍ പോലീസും തയ്യാറെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആശങ്കയിലാണ് ദിലീപിന്റെ ആരാധകരും ബന്ധുക്കളും. ഇതിനിടയില്‍ കാവ്യാമാധവനേയും നാദിര്‍ഷയേയും അറസ്റ്റ് ചെയ്യാതെ കുറ്റപത്രം പൂര്‍ണ്ണമാകില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ളത്. നാദിര്‍ഷായുടേയും കാവ്യാ മാധവന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ. അത് വരെ പോലീസിന് കാത്ത് നില്‍ക്കാനേ നിവൃത്തിയുള്ളൂ.റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനു സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ഹര്‍ജി തള്ളിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണു വീണ്ടും മജിസ്‌ട്രേറ്റിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നു. അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ വിധി. സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ല. നിര്‍ഭയ കേസിനു ശേഷം സുപ്രീം കോടതിയുടെ സമീപനം ഇത്തരം കേസുകളില്‍ കര്‍ക്കശമാണ്. പ്രത്യേകിച്ചും വാടകയ്‌ക്കെടുത്തവരെ കുറ്റകൃത്യത്തിനായി നിയോഗിച്ച് അതീവഗൗരവത്തോടെ സുപ്രീം കോടതി കാണുമെന്ന് ഉറപ്പാണ്.dileep

പള്‍സര്‍ സുനി ദിലീപിന്റെ വാടകക്കാരനായതായി കൂടുതല്‍ ആഴത്തില്‍ കാണിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ദിലീപിനു കുറ്റപത്രം നല്‍കും. അങ്ങനെയായാല്‍ ചട്ടപ്രകാരം ജാമ്യം പ്രതീക്ഷിക്കാനേ കഴിയില്ല. അതാത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയേണ്ടി വരും. അതാണു നിയമത്തിലെ കഠിന വ്യവസ്ഥ.വിചാരണ ഉടനെ തുടങ്ങാനുള്ള പരിഗണനയൊന്നും ദിലീപിനു കിട്ടിയേക്കില്ല. മുന്‍കാലങ്ങലളിലേതു പോലെയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും വേണ്ടി വരില്ല.

കൂട്ടബലാത്സംഗക്കുറ്റവും ദിലീപിനെതിരേ ചുമത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ ജാമ്യത്തിന് അര്‍ഹത വരും. ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 10ന് മൂന്ന് മാസം തികയും. നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം തീരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് നാദിര്‍ഷാ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നാദിര്‍ഷായ്ക്ക് കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കി മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ കേസ് അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ.

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് നാദിര്‍ഷാ സെപ്റ്റംബര്‍ 15 ന് ഹാജരായെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് സെപ്റ്റംബര്‍ 17 ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. വൈദ്യപരിശോധനയ്ക്കു ശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അറിയാവുന്ന പല കാര്യങ്ങളും നാദിര്‍ഷാ മറച്ചു വെക്കുകയാണെന്നും പൊലീസ് പറയുന്നു. നാദിര്‍ഷായ്ക്കു മേല്‍ കുറ്റം ആരോപിക്കാവുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളടക്കമുള്ള നിര്‍ണായക കാര്യങ്ങളാണ് ചോദിച്ചത്. അനാരോഗ്യം നിമിത്തം നാദിര്‍ഷാ അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിനും പരിമിതികള്‍ ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് പലതിനും നല്‍കിയ ഉത്തരം തൃപ്തികരമല്ല. പല വസ്തുതകളും മറച്ചു വെക്കുന്നുവെന്ന് ഉത്തരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച വസ്തുതകളാണ് ഇവയില്‍ പലതും. നാദിര്‍ഷായുടെ മൊഴിയില്‍ പരിശോധന തുടരുകയാണ്.

ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. അതുകൊണ്ട് തന്നെ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വൈകാന്‍ സാധ്യതയുണ്ട്. ഇതിലൂടെ 90 ദിവസത്തെ സമയപരിധി കടന്നു പോവുകയും ദിലീപീന് പുറത്തുവരാനുള്ള സാധ്യത തുറക്കുകയും ചെയ്യുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ദിലീപിനെതിരേ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ മാത്രം ജാമ്യം അനുവദിക്കാമെന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.ദിലീപിനെതിരേ ഗുരുതര കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കാനാവില്ലെന്നും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും വിധിപകര്‍പ്പില്‍ പറയുന്നു. അതുകൊണ്ട് തന്നെ അടുത്ത ജാമ്യഹര്‍ജിയില്‍ കോടതി അനുകൂല തീരുമാനമെടുക്കുമെന്ന് പൊലീസിന് അറിയാം.

നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയ ദിലീപ് മാനഭംഗം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും സുനിലിനെതിരേ ചുമത്തിയ ബലാത്സംഗക്കുറ്റം ദിലീപിനെതിരേയും ചാര്‍ത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിനെതിരേ ഉള്ളതായി പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന് നേരിട്ട് പങ്കില്ലെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് നടന്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടെന്നാണു പൊലീസ് ചുമത്തിയ കുറ്റമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.ദിലീപ് മാനഭംഗം നടത്തിയതിനോ പ്രേരിപ്പിച്ചതിനോ തെളിവുകളില്ലെന്നും ദിലീപ് ജയിലിലായിട്ട് രണ്ടുമാസം പിന്നിട്ടുകഴിഞ്ഞുവെന്നും ജാമ്യം ലഭിക്കാന്‍ ഇക്കാരണങ്ങള്‍ മതിയെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദം ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടി. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേശ് കുമാര്‍ എംഎ!ല്‍എയുടെ ദിലീപ് അനുകൂല പ്രസ്താവനകളും താരത്തിന്റെ സ്വാധീനശക്തിയുടെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 12.30 വരെ ദിലീപിന്റെ ഫോണില്‍നിന്നു നിരവധി കോളുകള്‍ വിളിച്ചതായും ഇതിനു കേസുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്കും വിളിച്ചതും കേസില്‍ നിര്‍ണായകമാണെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. എന്നാല്‍ ഫോണില്‍ വിളിച്ചത് സംഭവത്തെക്കുറിച്ച് നടത്തുന്ന സ്വാഭാവിക അന്വേഷണം മാത്രമായിട്ട് കാണണമെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതിക്ക് ബോധ്യപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.

Top