കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തു. സഅമ്മ’യിലെ മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ലെന്നും വിശദീകരണം തേടാതെയാണ് നടപടിയെന്നും ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനായി താരങ്ങളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ജൂലൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു പിന്നാലെ സംഘടനയിലെ മറ്റു ചില താരങ്ങളുടെ ആവശ്യപ്രകാരം അമ്മ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി.
ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും പ്രാഥമികാഗത്വവും അടിയന്തരമായി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. സംഘടന നടിക്കൊപ്പമാണെന്നും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നടന്മാരേയും അന്ന് അമ്മ വാര്‍ത്താകുറിപ്പില്‍ തളളിക്കളഞ്ഞു. യുവതാരങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെതിരെ നടപടി എടുത്തിരുന്നത്. പൃഥ്വിരാജും ആസിഫ് അലിയും അടക്കമുളളവര്‍ ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നടപടി കൈക്കൊണ്ടില്ലെങ്കില്‍ സംഘടന പിളരുമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നിരുന്നു. ജയിലിലായി മൂന്നു മാസത്തോളം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
അതേസമയം, അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്‌കുമാറും മുകേഷും ഒപ്പം ചുമതലയേറ്റു.
എന്നാല്‍ സിനിമയിലെ വനിതാസംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് അറിയുന്നത്. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരൊക്കെ യോഗത്തില്‍നിന്ന് വിട്ടുനിന്നുവെന്നാണ് വിവരം. ഇവര്‍ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.